സീതാറാം യെച്ചൂരിക്കെതിരെ പരാതിയുമായി ബാബാ രാംദേവ്

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിക്കെതിരെ പരാതിയുമായി ബാബാ രാംദേവ്. രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്നുള്ള സീതാറാം യെച്ചൂരിയുടെ പരാമർശത്തിനെതിരെയാണ് ഹരിദ്വാർ എസ്എസ്പിക്ക് രാംദേവ് പരാതി നൽകിയിരിക്കുന്നത്.

ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നു എന്നായിരുന്നു യെച്ചുരിയുടെ പരാമർശം. ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കുന്നില്ല എന്ന മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു യെച്ചൂരി. തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ പരാജയം മണത്ത ബിജെപി തെരഞ്ഞെടുപ്പിന്റെ ആഖ്യാനം മാറ്റാൻ വേണ്ടിയാണ് പ്രജ്ഞ സിങിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്നും യെച്ചൂരി പറഞ്ഞിരുന്നു. പാർലമെന്ററി സിസ്റ്റം ഇലക്ഷൻസ് ആന്റ് ഡെമോക്രസി എന്ന വിഷയത്തിൽ ഭോപാലിൽ നടന്ന സിംപോസിയത്തിലായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.

ഇറ്റലിയിലെ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. സൈന്യത്തെ ഹിന്ദൂകരിക്കാനുള്ള ശ്രമവും, ഹിന്ദുക്കളെ അക്രമണസജ്ജരാക്കാനുള്ള ആർഎസ്എസിന്റ ശ്രമവും ഇതിന്റെ ഭാഗമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More