ഫസൽ ഗഫൂറിന് വധഭീഷണി

എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന് വധഭീഷണി. എംഇഎസിലെ സർക്കുലർ പിൻവലിച്ചില്ലങ്കിൽ വകവരുത്തും എന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഗൾഫിൽ നിന്നുമാണ് ഫോൺ സന്ദേശമെത്തിയത്. സംഭവത്തിൽ ഫസൽ ഗഫൂർ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്തു.
ഇന്നലെയാണ് സംഭവം. രാത്രിയാണ് ഫസൽ ഗഫൂർ നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. തന്റെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിന് എതിരെയും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ എംഇഎസ് കോളെജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് സർക്കുലർ പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഫസൽ ഗഫൂറിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാജ പ്രചരണങ്ങൾ നടന്നിരുന്നു. വിമർശനങ്ങൾ ഉയർന്നപ്പോഴും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഫസൽ ഗഫൂർ ചെയ്തത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് എംഇഎസ് കോളെജ് സർക്കുലർ പുറത്തിറക്കിയത്. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥിനികൾ മുഖം മറച്ച് കൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് അധ്യാപകർ ഉറപ്പുവരുത്തണമെന്നും 2019-20 വർഷം മുതൽ നിയമം കൃത്യമായി പ്രാബല്യത്തിൽ വരുത്തണമെന്നും സർക്കുലറിൽ കൂട്ടിച്ചേർത്തിരുന്നു.
സർക്കുലറിനെതിരെ സമസ്ത ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഇഎസിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മുഖം മറക്കുന്ന വസ്ത്രധാരണത്തെ കുറിച്ച് ഫസൽ ഗഫൂർ എടുത്ത തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും കോൺഗ്രസ് നേതാവുമായ ഡോ ഖാദർ മാങ്ങാട് പ്രസ്താവനയിൽ സൂചിപ്പിച്ചിരുന്നു. അതേസമയം, എംഇഎസിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ടാണ് മന്ത്രി കെ ടി ജലീൽ രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here