‘മുൻപും മിന്നലാക്രമണങ്ങള്‍ നടന്നിട്ടുണ്ട്’: പ്രധാനമന്ത്രിക്ക് മറുപടിയുമായി മുൻ ലഫ്റ്റനന്റ് ജനറല്‍

അതിര്‍ത്തി കടന്ന് തീവ്രവാദികള്‍ക്കെതിരെയുളള സൈനികനീക്കങ്ങള്‍ മോദി സര്‍ക്കാരിന് മുമ്പും നടന്നിട്ടുണ്ടെന്ന് മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വീഡിയോ ഗെയിമായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തിന്റെ പശ്ചാത്തലത്തിലാണ് ഹൂഡയുടെ പ്രതികരണം. മിന്നലാക്രമണത്തെ ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ തള്ളി ഹൂഡ രംഗത്ത് വന്നത്.

മുന്‍ സൈനികരും മറ്റുളളവരും പറയുന്നപ്പോലെ മുന്‍പും മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് ഹൂഡ പറഞ്ഞു. എന്നാല്‍ കൃത്യമായ സമയവും മിന്നലാക്രമണം നടന്ന സ്ഥലവും സംബന്ധിച്ച് ഇപ്പോള്‍ ഓര്‍മ്മയില്ലെന്ന് ഹൂഡ പറഞ്ഞു. എന്നാല്‍ അതിര്‍ത്തി കടന്ന് തീവ്രവാദികളെ ലക്ഷ്യമാക്കിയുളള സൈനികനീക്കങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട് എന്ന കാര്യം ഉറപ്പാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2016ലെ മിന്നലാക്രമണത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രമായിട്ടാണ് ഹൂഡയെ വിശേഷിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ സൈന്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വലിച്ചിഴക്കുന്നത് നല്ലതല്ലെന്നും ഹൂഡ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വലിച്ചിഴക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യാതൊരു അവകാശവുമില്ല. ഇത് സൈന്യത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുമെന്നും ഹൂഡ ആരോപിച്ചു.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് മിന്നലാക്രമണങ്ങള്‍ നടന്നിട്ടില്ലെന്ന അവകാശവാദമാണ് ബിജെപി ഉന്നയിക്കുന്നത്. 2016ന് മുന്‍പ് മിന്നലാക്രമണങ്ങള്‍ നടന്നതിന് രേഖകള്‍ ഇല്ലെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. മിന്നലാക്രമണങ്ങള്‍ നടന്നു എന്നതിനെ സംബന്ധിച്ച് അവ്യത്യസ്തമായ കണക്കുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിരത്തുന്നതെന്നും ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവു ആരോപിച്ചു. 2004 മുതല്‍ 2014 വരെയുളള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി അവകാശപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്
Top
More