അഞ്ചാംഘട്ട വോട്ടെടുപ്പ്; ജമ്മു കാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഇതുവരെ രേഖപ്പെടുത്തിയത് 30 ശതമാനത്തിനുമേൽ പോളിംഗ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ജമ്മു കാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മുപ്പത് ശതമാനത്തിന് മുകളിൽ ആളുകൾ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങി നിരവധി പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്.
പലയിടങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പശ്ചിമ ബംഗാളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഏഴ് മണ്ഡലങ്ങളിലും കഴിഞ്ഞ നാല് ഘട്ടങ്ങളിലേത് പോലെ എഴുപത് ശതമാനത്തിന് മുകളിൽ പോളിംഗ് ശതമാനം ഉയരാനിടയുണ്ട്.
Read Also : അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; ബംഗാളിലും പുൽവാമയിലും ബോംബാക്രമണം
പ്രമുഖ സ്ഥാനാർത്ഥികൾ മത്സരത്തിനിറങ്ങിയിരിക്കുന്ന ഉത്തർപ്രദേശിലെ പതിനാല് മണ്ഡലങ്ങളും കഴിഞ്ഞ ഘട്ടങ്ങളെ അപേക്ഷിച്ച് മികച്ച വോട്ടിംഗ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 27 ശതമാനമാണ് പോളിംഗ് ശതമാനം.
കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും വോട്ടമാർ സജീവമായി വോട്ട് രേഖപ്പെടുത്താനെത്തി കൊണ്ടിരിക്കുകയാണ്. രാജസ്ഥാനിൽ 34 ശതമാനവും മധ്യപ്രദേശിൽ 28 ശതമാനവുമാണ് ഒരു മണി വരെ പോളിംഗ്. രാജസ്ഥാനിലെ 12ഉം മധ്യപ്രദേശിലെ 7ഉം ലോക്‌സഭാ മണ്ഡലങ്ങൾ 2014ൽ ബിജെപിക്കൊപ്പം നിന്നവയാണ്.
നാല് മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ജാർഖണ്ഡിലും മികച്ച പോളിംഗാണ് കാണുന്നത്. ഇത് വരെയുള്ള കണക്ക് പ്രകാരം 33 ശതമാനം ആളുകൾ വോട്ട് ചെയ്തു. കഴിഞ്ഞ നാല് ഘട്ടങ്ങളിലും വലിയ പോളിംഗ് രേഖപ്പെടുത്താതിരുന്ന ബീഹാറിൽ ഉച്ച വരെ മികച്ച വോട്ടിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 25 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണ ഭീഷണിയും അക്രമ സംഭവങ്ങളും അരങ്ങേറിയ ജമ്മുകശ്മീരിൽ പക്ഷെ വളരെ കുറച്ച് വോട്ടർമ്മാർ മാത്രമെ വോട്ട് ചെയ്യാനെത്തിയുള്ളു. ലഡാക് മണ്ഡലത്തിലെ കാർഗിൽ, ലേ ജില്ലകളിലും അനന്ദ്‌നാഗ് മണ്ഡലത്തിലെ ചില ബൂത്തുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒടുവിലെ കണക്കനുസരിച്ച് അഞ്ച് ശതമാനത്തിലും താഴെയാണ് പോളിംഗ് ശതമാനം. തെരഞ്ഞെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വളരെ നിർണായകമാണ്. അത് കൊണ്ട് തന്നെ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ വോട്ടിംഗ് ശതമാനത്തിലും പ്രതിഫലിക്കുന്നുവെന്ന് വേണം മനസ്സിലാക്കാൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here