‘പോലീസ് തപാല്‍ വോട്ട് തിരിമറിയില്‍ നടപടി നാളെ’ -മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് ടിക്കാറാം മീണ

പൊലീസ് തപാല്‍ വോട്ട് തിരിമറിയില്‍ നടപടി നാളെയെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംസ്ഥാന വ്യാപകമായി പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിച്ച് തിരിമറി നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി നാളെയുണ്ടാകും.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചിരുന്നു . ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിനും ശുപാര്‍ശയുണ്ട്. സംഭവത്തില്‍ ഇന്റലിജന്‍സ് മേധാവി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടായി നല്‍കിയിരിക്കുന്നത്. പൊലീസ് തപാല്‍ വോട്ടില്‍ തിരിമറി നടന്നിട്ടുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് കണ്ടെത്തല്‍. എന്നാല്‍ പൊലീസ് അസോസോയിയേഷനിലെ ഭരണാനുകൂല വിഭാഗം ഇടപെടല്‍ നടത്തിയതിന്റെ തെളിവുകളില്ല.
ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ രണ്ടു പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍ ഉണ്ടാകുമെന്നാണ് സൂചന. റിപ്പോര്‍ട്ടിന്മേല്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ തുടര്‍ നടപടി നിര്‍ണായകമാകും. പോസ്റ്റല്‍ വോട്ടിലെ തിരിമറിയില്‍ നടപടി വൈകുമെന്നാരോപിച്ചു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
അതേസമയം, പോസ്റ്റല്‍ വോട്ട് തിരിമറിയിലെ അന്വേഷണം ഡി.ജി.പി അട്ടിമറിക്കുകയാണെന്നും, മുഖ്യമന്ത്രിക്ക് വിടു പണി ചെയ്യുകയാണെന്നും കെ.മുരളീധരന്‍ കുറ്റപ്പെടുത്തി.
സംഭവത്തില്‍, പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ റദ്ദാക്കണമെന്നും പകരം പൊലീസുകാര്‍ക്ക് നേരിട്ട് വോട്ട് ചെയ്യാന്‍ സംവിധാനമൊരുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ നല്‍കിയ പോസ്റ്റല്‍ ബാലറ്റ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രതിനിധി സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിവേദനം നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here