സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നത് നിലവാരമില്ലാത്ത മരുന്നുകൾ; 24 എക്‌സ്‌ക്ലൂസിവ്

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളിൽ പലതും നിലവാരമില്ലാത്തവ. കഴിഞ്ഞ നാലു മാസത്തിനിടെ നിലവാരമില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് വിതരണം തടഞ്ഞത് 55 ലധികം മരുന്നുകളാണ്. മരുന്ന് വിതരണം തടയാൻ തീരുമാനിക്കുമ്പോഴേക്കും പതിനായിരക്കണക്കിന് രോഗികൾ ഇതു കഴിച്ചു കഴിഞ്ഞിരുന്നു. നാലു മാസത്തിനിടയിൽ ഒരു കമ്പനിയുടെ മാത്രം 12 മരുന്നുകൾ നിലവാരമില്ലാത്തതായി കണ്ടെത്തിയിട്ടുണ്ട്. 24 എക്‌സ്‌ക്ലൂസിവ്.
കഴിഞ്ഞ നിരവധി മാസങ്ങളായി സംസ്ഥാനത്തെ മെഡിക്കൽ കോളജുകളടക്കം സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളിലാണ് നിലവാരമില്ലാത്തവ കണ്ടെത്തിയത്. 2019 ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 55 മരുന്നുകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തി വിതരണം നിർത്തിവച്ചു.
Read Also : കെപിഎംജിക്ക് ബാർ കൗൺസിലിന്റെ വിലക്ക്; 24 എക്‌സ്‌ക്ലൂസീവ്
ഇതാകട്ടെ ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെടുന്ന വിഭാഗത്തിൽപ്പെട്ട മരുന്നുകളുമാണ്. അണുബാധയ്ക്കുള്ള ആന്റി ബയോട്ടിക്, ന്യൂമോണിയയ്ക്കുള്ള അമോക്‌സിലിൻ, നീരിനും വേദനയ്ക്കുമുള്ള ഡൈക്‌ളോഫിനാക്, യൂനിനറി ഇൻഫെക്ഷനുള്ള ആന്റിബയോട്ടിക്, ശ്വാസകോശ രോഗങ്ങൾക്കുള്ള മരുന്നുകൾ, രക്തസമ്മർദ്ദത്തിനുള്ള മരുന്ന്, ഗ്യാസ്, ചുമ, പനി എന്നിവയ്ക്കുള്ള മരുന്നുകൾ എന്നിവയാണ്് നിലവാരമില്ലെന്ന് കണ്ടെത്തിയത്. വിവിധ കമ്പനികളുടെ വിവിധ ബാച്ചുകളിലുള്ള മരുന്നുകളാണിത്. ഹെപ്പറൈറ്റിസ്, എലിസ ടെസ്റ്റുകൾക്കുള്ള കിറ്റുകളും ഡ്രിപ്പ് നൽകുന്നതിന് ഉപയോഗിക്കുന്ന ചില കമ്പനികളുടെ ഉപകരണങ്ങളും നിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂണിക്യുർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ 12 മരുന്നുകളും വിവേക് ഫാർമ കെം ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ 9 മരുന്നുകളും കഴിഞ്ഞ നാലു മാസത്തിനിടെ നിലവാരമില്ലെന്ന് കണ്ട് വിതരണം നിർത്തിവച്ചു. വിവിധ താലൂക്ക് ആശുപത്രികളിൽ നിന്നും പ്രൈമറി ഹെൽത്ത് സെന്ററുകളിൽ നിന്നും ഡോക്ടർമാരാണ് നിലവാരമില്ലായ്മയെക്കുറിച്ച്് പരാതിപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ വിതരണം നിർത്തിവച്ചപ്പോഴേക്കും നിലവാരമില്ലാത്ത മരുന്നുകൾ രോഗികൾ ഉപയോഗിച്ച് കഴിഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here