രണ്ട് വർഷം, രണ്ട് ടീമുകൾ; എന്നിട്ടും ബാഴ്സ തോറ്റത് അലിസണോട്

കഴിഞ്ഞ രണ്ട് ചാമ്പ്യൻസ് ലീഗുകളിലും ബാഴ്സ പുറത്തായത് ഒരാളോടായിരുന്നു. നിലവിലെ ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ബെക്കർ. കഴിഞ്ഞ സീസണിൽ റോമയോട് ക്വാർട്ടർ ഫൈനൽ രണ്ടാം പാദം പരാജയപ്പെട്ട് പുറത്തായപ്പോൾ അലിസൺ റോമയുടെ ഗോളി ആയിരുന്നു. ഇക്കൊല്ലം അലിസൺ ലിവർപൂളിനൊപ്പം. സെമിയിൽ വീണ്ടും തോറ്റ് പുറത്താവൽ.
കഴിഞ്ഞ സീസണിലെ ക്വാർട്ടർ ഫൈനൽ. ക്യാമ്പ് നൂവിൽ നടന്ന ആദ്യ പാദത്തിൽ 4-1 എന്ന സ്കോറിന് ബാഴ്സലോണ വിജയിച്ചു. കൃത്യം 3 ഗോളിന്റെ ലീഡുമായി ബാഴ്സലോണ റോമിലേക്ക് വണ്ടി കയറി. അവിടെ 3-0ൻ്റെ നാണം കെട്ട തോൽവി. അഗ്രിഗേറ്റിൽ സ്കോർ 4-4. എവേ ഗോളിൽ ബാഴ്സലോണ പുറത്ത്.
ഇന്നലെയും ബാഴ്സ ആൻഫീൽഡിലെത്തിയത് ക്യാമ്പ് നൂവിൽ നേടിയ മൂന്ന് ഗോൾ ലീഡുമായാണ്. എന്നാൽ കളി അവസാനിക്കുമ്പോൾ 4-0ന്റെ തോൽവിയുമായി മടങ്ങാനായിരുന്നു ബാഴ്സലോണയുടെ വിധി. മൂന്നിനെതിരെ നാലു ഗോളുകൾക്ക് ജയിച്ച ലിവർപൂൾ ഫൈനലിലേക്ക്.
രണ്ട് തവണയും ബാഴ്സക്കെതിരെ അലിസൺ ഉണ്ടായിരുന്നു. രണ്ട് വർഷവും നിർണായക സേവുകൾ നടത്തി ബാഴ്സയെ തടയുന്നതിൽ അലിസൺ പ്രധാന പങ്കും വഹിച്ചിരുന്നു. ഈ സീസൺ തുടക്കത്തിൽ റെക്കോർഡ് തുകയ്ക്ക് ലിവർപൂളിലേക്ക് എത്തിയ അലിസൺ ലിവർപൂളിൻ്റെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് മുന്നേറ്റങ്ങളിൽ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here