പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്ക് കാരണം പ്രൊഫൈൽ കറക്ഷനിൽ വന്ന വീഴ്ചയെന്ന് വിലയിരുത്തൽ

പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം പ്രൊഫൈല്‍ കറക്ഷനില്‍ വന്ന വീഴ്ചയെന്ന് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കിറ്റ്കോ അധികൃതര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതായാണ് വിവരം. ടാറിംഗിലും വലിയ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
പില്ലറിന് മുകളില്‍ സ്ഥാപിക്കുന്ന സ്ലാബുകള്‍ ഒരേ നിരപ്പായിരിക്കണമെന്നാണ് ചട്ടം. സ്ലാബുകള്‍ പൊങ്ങിയും താണുമിരിക്കുന്ന പക്ഷം വലിയ വാഹനങ്ങള്‍ വേഗതയില്‍ പോകുമ്പോള്‍ സ്ലാബുകള്‍ക്കിടയിലെ ഖട്ടറില്‍ വീഴും. ഇത് സ്ലാബുകള്‍ക്കും പാലത്തിനും ബലക്ഷയം ഉണ്ടാക്കുന്നതിനൊപ്പം വിള്ളലും വീഴ്ത്തും. പാലാരിവട്ടം പാലത്തില്‍ സംഭവിച്ചത് ഈ പ്രശ്നമാണെന്നാണ് സൂചന. പാലാരിവട്ടം പാലം പ്രൊഫൈല്‍ കറക്ഷന്‍ നടത്താതെ കനത്തില്‍ ടാറിംഗ് നടത്തുകയാണുണ്ടായത്. വാഹനങ്ങളുടെ ടയറുകള്‍ കയറിയിറങ്ങി ടാര്‍ ഇളകിത്തെറിക്കുകയും ആഘാതം നേരിട്ട് സ്ലാബിലും തൂണുകളിലുമെത്തി.
അതേസമയം പാലത്തിന് മുകളിലെ ടാറിംഗിലും ക്രമക്കേട് നടന്നു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നാല് തരം ടാറിംഗാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. സാധാരണ ടാറിംഗ് അല്ലെങ്കില്‍ മാസ്റ്റിക് ടാറിംഗ് എന്നതാണ് ഇതില്‍ പ്രധാനം.
Read Also : പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണം തുടങ്ങി
എന്നാല്‍ ഇതിന് വിരുദ്ധമായി കനം കുറഞ്ഞ മെമ്പ്രേന്‍ ഷീറ്റ് സ്ലാബിന് മുകളില്‍ വിരിച്ച ശേഷം അതിന് മുകളില്‍ ടാര്‍ ചെയ്യുകയാണുണ്ടായത്. മെമ്പ്രേന്‍ ഷീറ്റില്‍ ടാര്‍ ഉരുകി പിടിക്കാതെ വന്നതോടെ ടാറിംഗ് തുടര്‍ച്ചയായി ഇളകുകയും ചെയ്തു. പിന്നാലെ ഇതിന് മുകളില്‍ പലതവണ റീടാറിംഗ് നടത്തിയത് പാലത്തിന്റെ ഭാരം കൂടുന്നതിനും കാരണമായി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയിലേക്കാണ് ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here