ഒറിജിനൽ അകത്തും; കോൺഗ്രസ് ഡ്യൂപ്പ് പുറത്തും: ഗൗതം ഗംഭീറിനെതിരെ പുതിയ ആരോപണവുമായി എഎപി

കിഴക്കൻ ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ പുതിയ ആരോപണവുമായി ആം ആദ്മി പാർട്ടി. വാഹന പ്രചരണ ജാഥയിൽ ആൾക്കാരെ അഭിവാദ്യം ചെയ്യാൻ ഡ്യൂപ്പിനെ രംഗത്തിറക്കിയെന്നാണ് എഎപിയുടെ ആരോപണം. കാറിൻ്റെ മുൻസീറ്റിൽ ഗംഭീർ ഇരിക്കുകയും തുറന്ന വാഹനത്തിൽ അപരൻ ആളുകളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന ചിത്രവും എഎപി പുറത്തു വിട്ടു. ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയാണ് ഗംഭീർ ജനങ്ങളെ വഞ്ചിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയത്.
“സിനിമയിൽ ഡ്യൂപ്പിനെ വച്ച് സംഘട്ടന രംഗം പകർത്തുന്നത് കേട്ടിട്ടുണ്ട്, ക്രിക്കറ്റിൽ റണ്ണറെ വച്ച് ഓടുന്നതും അറിയാം. എന്നാൽ ആദ്യമായാണ് പ്രചാരണത്തിന് ഡ്യൂപ്പിനെ വയ്ക്കുന്നത് കാണുന്നത്.”_ എന്ന് മനീഷ് സിസോദിയ തന്റെ ട്വീറ്റിൽ കുറിച്ചു.
“കോൺഗ്രസും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുന്നത് ഇങ്ങിനെയാണ്. ഗൗതം ഗംഭീർ എസി കാറിനകത്ത് ഇരിക്കുന്നു. അദ്ദേഹത്തിന് ചൂട് പ്രശ്നമാണ്. അദ്ദേഹം നിൽക്കേണ്ട സ്ഥാനത്ത് അപരനെ നിർത്തിയിരിക്കുന്നു. പ്രവർത്തകർ അപരന് ചുറ്റും നിൽക്കുന്നു. ഈ അപരൻ യഥാർത്ഥത്തിൽ കോൺഗ്രസ് നേതാവാണ്”- അദ്ദേഹം ആരോപിച്ചു.
അതേ സമയം, ഗംഭീറിൻ്റെ അപരൻ കോൺഗ്രസ്സ് പ്രവർത്തകനാണെന്നും ആരോപണമുണ്ട്. 2017 മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ച ഗൗരവ് അറോറ എന്നയാളാണ് ഗംഭീറിൻ്റെ ഡ്യൂപ്പായി പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നതെന്നാണ് ആരോപണം.
നേരത്തെ ബംഗാൾ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജി വെയിലു കൊള്ളാൻ മടിച്ച് തൻ്റെ മെഴുകു പ്രതിമയെ പ്രചാരണത്തിനിറക്കിയത് വിവാദമായിരുന്നു.
गौतम गंभीर का डुप्लीकेट गौरव अरोड़ा है, जो कि कांग्रेस का 2017 MCD चुनाव का वार्ड 96N से उम्मीदवार था
तो सवाल ये है कि कांग्रेस और अजय माकन बीजेपी की क्यों मदद करना चाहते है ? क्या डील हुई है? pic.twitter.com/wzbz3cuKmn
— Durgesh Pathak (@ipathak25) May 10, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here