കണ്ണൂരിൽ കള്ളവോട്ട് ചെയ്ത കൂടുതൽ പേർക്കെതിരെ കേസ്

കണ്ണൂരിൽ കള്ളവോട്ട് ചെയ്ത കൂടുതൽ പേർക്കെതിരെ കേസെടുത്തു. പാമ്പുരുത്തിയിൽ കള്ളവോട്ടു ചെയ്ത ഒൻപത് ലീഗ് പ്രവർത്തകർക്കും ധർമ്മടത്ത് കള്ളവോട്ടു ചെയ്ത സായൂജിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166 -ാം നമ്പർ ബൂത്തിൽ ഒൻപത് പേർ പന്ത്രണ്ട് കള്ളവോട്ടുകൾ ചെയ്തതായി കണ്ടെത്തിയിരുന്നു. അബ്ദുൾ സലാം, മർഷദ്, ഉനിയാസ്, കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുൾ സലാം, സാദിഖ് കെ പി, ഷമൽ, മുബഷിർ എന്നിവരാണ് കള്ളവോട്ട് ചെയ്തതായി തെളിഞ്ഞത്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 171 സി, ഡി. എഫ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലമാണ് ധർമ്മടം. ഇവിടെ സായൂജ് കള്ളവോട്ടു ചെയ്തതായി തെളിഞ്ഞിരുന്നു. 47ലെ വോട്ടർ ആയ സായൂജ് 52ൽ വോട്ട് ചെയ്തതായി വ്യക്തമാകുകയായിരുന്നു. വീഡിയോ പരിശോധിച്ചതിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്.
പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ, മൈക്രോ ഒബ്സർവർ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടർ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 അനുസരിച്ച് ഇവർക്കെതിരെയും ക്രിമനൽ നടപടി സ്വീകരിക്കും.
എൽഡിഎഫ് സ്ഥാനാർത്ഥി പി കെ. ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാർത്ഥി കെ സുധാകരന്റേയും പോളിങ് ഏജന്റുമാരാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും റിട്ടേണിങ് ഓഫീസർക്കും പരാതി നൽകിയത്. ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം നടത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് വിശദമായ റിപ്പോർട്ട് നൽകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here