Advertisement

നരേന്ദ്രമോദിയെ പുറത്താക്കാൻ വാജ്പേയി തീരുമാനിച്ചിരുന്നെന്ന് യശ്വന്ത് സിൻഹ; തടസ്സം നിന്നത് അദ്വാനി

May 11, 2019
0 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയി തീരുമാനിച്ചിരുന്നതായി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. വാജ്‌പേയി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അദ്വാനി മന്ത്രിസഭയില്‍ നിന്നും രാജിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഭോപ്പാലില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ.

2002ലെ ഗോധ്ര കലാപത്തിന് ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി രാജിവെയ്ക്കണമെന്നതായിരുന്നു വാജ്‌പേയിയുടെ തീരുമാനം. ഗോവയിലെ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് പോകവേ, മോദി രാജിവെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുജറാത്ത് സര്‍ക്കാരിനെ പുറത്താക്കണമെന്ന കണക്കുകൂട്ടലിലായിരുന്നു വാജ്‌പേയിയെന്നും യശ്വന്ത് സിന്‍ഹ അവകാശപ്പെട്ടു.

തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇവിടെവെച്ചു മോദി സര്‍ക്കാരിനെ പിരിച്ചുവിടുന്നതിനെ അദ്വാനി എതിര്‍ത്തിരുന്നതായാണ് തന്റെ അറിവെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. മോദിയെ പുറത്താക്കിയാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെയ്ക്കുമെന്ന് അദ്വാനി ഭീഷണി മുഴക്കി. ഇതിന് പിന്നാലെ തീരുമാനം മരവിപ്പിച്ചതായും മോദി ഭരണം തുടര്‍ന്നതായും യശ്വന്ത് സിന്‍ഹ പറഞ്ഞു.

നാവിക സേനയുടെ യുദ്ധക്കപ്പലായിരുന്ന ഐഎന്‍എസ് വിരാട് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ടാക്‌സിയായി ഉപയോഗിച്ചു എന്ന മോദിയുടെ പരാമര്‍ശത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് അതെല്ലാം അപ്രധാനമായ കാര്യങ്ങളാണ് എന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ മറുപടി. നാവിക സേന മുന്‍ ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും യശ്വന്ത് സിന്‍ഹ ഓര്‍മ്മിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top