കള്ളവോട്ട് ആസൂത്രിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ തൃപ്തിയില്ല

കള്ളവോട്ടുമായി ബന്ധപ്പെട്ട് സിപിഐഎം ആസൂത്രിതമായ നീക്കം നേരത്തേ തുടങ്ങിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഐഎം ബിഎൽഒമാരെ ഉപയോഗപ്പെടുത്തി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വീശദീകരണം നൽകിയേ മതിയാവൂ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ സംതൃപ്തനല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഡെപ്യൂട്ടി തഹസിൽദാർമാർ സിപിഐഎം അനുകൂല സർവീസ് സംഘടനകളിൽ നിന്നുള്ളവരാണ്. മുഖ്യമന്ത്രിയുടെ ബൂത്തുള്ള ആർ സി അമലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. പൊലീസ് അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തി ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചു. ഡിജിപിക്ക് പോസ്റ്റൽ വോട്ടിലെ കൃത്രിമത്വത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ഡിജിപി സിപിഐഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ആജ്ഞാനുവർത്തിയായി. പൊലീസിലെ പോസ്റ്റൽ വോട്ടുകൾ റദ്ദാകണം. അട്ടിമറി നടത്തിയ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അട്ടിമറിയെക്കുറിച്ച് അന്വേഷിക്കാൻ കെ സി ജോസഫ് കൺവീനറായി കെ പി സി സി സമിതിയെ നിയോഗിക്കും. സമിതി സമഗ്രഅന്വേഷണം നടത്തി തയ്യാറാക്കുന്ന റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here