ആറാംഘട്ടം വിധിയെഴുതുന്നു; ഏഴ് മണ്ഡലങ്ങളിലെ 59 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. ബിഹാർ 8, ഹരിയാന 10, ജാർഖണ്ഡ് 4, മധ്യപ്രദേശ് 8, ഉത്തർപ്രദേശ് 14, ബംഗാൾ 8, ഡൽഹി 7 എന്നിവയാണ് ആറാം ഘട്ട വോട്ടെടുപ്പിൽ വിധിയെഴുതുന്ന 59 മണ്ഡലങ്ങൾ. 979 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിൽ റീപോളിങും നടക്കുന്നുണ്ട്.
കോൺഗ്രസ്, ബിജെപി, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്ക് നിർണ്ണായകമാണ് ആറാംഘട്ട വോട്ടെടുപ്പ്. മോദി തരംഗം ആഞ്ഞടിച്ച 2014 ൽ 59 ൽ 44 സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു. കോൺഗ്രസ് 2, തൃണമൂൽ കോൺഗ്രസ് 8, ഐഎൻഎൽഡി 2, അപ്നാ ദൾ 1, സമാജ് വാദി പാർട്ടി 1, ലോക് ജനശക്തി പാർട്ടി 1 എന്നിങ്ങനെയായിരുന്നു അന്നത്തെ വിജയം. 2014 ലെ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി പതിനാല് മണ്ഡലങ്ങളിൽ പന്ത്രണ്ട് സീറ്റുകൾ നേടി വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ യുപിയിലെ ശക്തി കേന്ദ്രങ്ങളിൽ ബിജെപിക്ക് എസ് പിബിഎസ്പിആർഎൽഡി മഹാസഖ്യം കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
പ്രജ്ഞാ സിങ് താക്കൂറും ദിഗ്‌വിജയ് സിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാൽ, മനേക ഗാന്ധി ജനവിധി തേടുന്ന സുൽത്താൻപുർ, ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ് മൽസരിക്കുന്ന ധൻബാദ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയായ ഗുണ, മുൻക്രിക്കറ്റ് താരം ഗൗതം ഗംഭീറും ആംആദ്മി പാർട്ടിയുടെ അതിഷിയും കോൺഗ്രസ് ഡൽഹി മുൻ അധ്യക്ഷൻ അർവിന്ദർ സിങ് ലൗലിയും ഏറ്റുമുട്ടുന്ന ഈസ്റ്റ് ഡൽഹി എന്നിവ ശ്രദ്ധേയ മണ്ഡലങ്ങളാണ്. ആറാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിലെയും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 483 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here