കേരള കോൺഗ്രസിൽ പടയൊരുക്കം;ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാർ

ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിനായി കേരള കോൺഗ്രസിൽ നീക്കങ്ങൾ തുടങ്ങി. കെ.എം മാണിയുടെ പിൻഗാമിയായി ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന് ഒമ്പത് ജില്ലാ പ്രസിഡന്റുമാർ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചു. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിൽ സി.എഫ് തോമസ് അതൃപ്തി പ്രകടിപ്പിച്ചു.
ഇത്തരം നീക്കങ്ങൾ പാർട്ടിക്ക് ഗുണകരമല്ലെന്നും സമവായത്തിലൂടെ വിഷയങ്ങൾക്ക് പരിഹാരം കാണമെന്നും സിഎഫ് തോമസ് ജില്ലാ പ്രസിഡന്റുമാരോട് പറഞ്ഞതായാണ് വിവരം. 14 ജില്ലാ പ്രസിഡന്റുമാരിൽ പത്തു പേരുടെയും പിന്തുണ ജോസ് കെ മാണി ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ പ്രസിഡന്റുമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജോസ് കെ മാണി പ്രതികരിച്ചു.
ജോസ് കെ മാണി ചെയർമാനാകണമെന്ന ആവശ്യത്തിൽ മാണി വിഭാഗം ഉറച്ചുനിൽക്കുമ്പോൾ സി.എഫ് തോമസിന്റെ പേരാണ് ജോസഫ് വിഭാഗം ചെയർമാൻ സ്ഥാനത്തേക്ക് മുന്നോട്ട് വെച്ചിരിക്കുന്നത്.അതേ സമയം ജില്ലാ പ്രസിഡന്റുമാരല്ല തീരുമാനം എടുക്കേണ്ടതെന്നും ഇക്കാര്യം പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും പി.ജെ ജോസഫ് പ്രതികരിച്ചു. നേതൃസ്ഥാനങ്ങളിൽ ഉടൻ തീരുമാനമാകുമെന്നും സി.എഫ് തോമസ് പാർട്ടി ചെയർമാനാകുന്നത് സ്വാഗതാർഹമാണെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here