മോശം കാലാവസ്ഥയിലെ വ്യോമാക്രമണം തന്റെ ആശയമെന്ന് മോദി; റഡാർ ബൈനോക്കുലർ അല്ലെന്ന് സോഷ്യൽ മീഡിയ

ശക്തമായ മഴയിലും മേഘങ്ങൾ മൂടിയ അന്തരീക്ഷത്തിലും ബലാകോട്ടിൽ വ്യോമാക്രമണം നടത്തിയത് തന്റെ നിർദ്ദേശപ്രകാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസ് നാഷൻ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മേഘവും മഴയും ആക്രമണത്തിന് ഗുണകരമാകുമെന്ന് കരുതി. താൻ ശാസ്ത്രത്തെക്കുറിച്ച് അത്ര വശമുള്ള ആളല്ല. എന്നാലും റഡാറുകളിൽ നിന്ന് നമ്മുടെ വിമാനങ്ങളെ മേഘം മറയ്ക്കുമെന്ന ആശയം തന്റെ മനസിൽ ഉദിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ‘മേഘസിദ്ധാന്ത’ത്തെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ചയാണ് അഭിമുഖം പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ മേഘ സിദ്ധാന്തം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജുകളിൽ വീഡിയോ അടക്കം വരികയും ചെയ്തു. എന്നാൽ ശാസ്ത്രരംഗത്തെ വിദഗ്ധരടക്കം പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ വിവരക്കേട് ചൂണ്ടിക്കാട്ടിയതോടെ ബിജെപി തങ്ങളുടെ പേജുകളിൽ നിന്ന് ട്വീറ്റ് പിൻവലിച്ചു. എന്നാൽ സ്‌ക്രീൻ ഷോട്ട് കരുതിയവർ ഇതുപയോഗിച്ച് പ്രധാനമന്ത്രിയേയും ബിജെപിയേയും ട്രോളുന്നത് തുടരുകയാണ്.

റഡാറുകളുടെ പ്രവർത്തനം എങ്ങനെയെന്ന് പോലും മോദി മനസ്സിലാക്കിയിട്ടില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു. മോദിയുടെ വാക്കുകൾ രാജ്യത്തിന് നാണക്കേടാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഈ പ്രസ്താവനയിലൂടെ വ്യോമസേനയെ കഴിവുകെട്ടവരും മോശക്കാരുമാക്കുകയാണ് മോദി ചെയ്തതെന്നും യെച്ചൂരി പറഞ്ഞു.


മേഘങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകൾ ദശാബ്ദങ്ങൾക്ക് മുൻപേ തന്നെ ഉണ്ടെന്നും അങ്ങനെ ഇല്ലായിരുന്നെങ്കിൽ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെയെന്നുമായിരുന്നു മോദിയെ അങ്കിൾ എന്ന് വിളിച്ചു പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നേതാവും സോഷ്യൽ മീജിയ അധ്യക്ഷയുമായ ദിവ്യ സ്പന്ദന ട്വിറ്ററിൽ കുറിച്ചത്.


വിമാനത്തിന്റെ പൈലറ്റ് താനാണെന്ന് പറയുന്നതിന്റെ അടുത്ത് വരെ മോദി എത്തിയെന്ന് യൂട്യൂബറായ കുനാൽ കമ്ര പറയുന്നു. റഡാർ എന്നാൽ ബൈനോക്കുലറല്ലെന്ന് മോദിയോട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കണമെന്ന് സിപിഐഎം എംപിയായ മുഹമ്മദ് സലീം ട്വീറ്റ് ചെയ്തു.


റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചാണ് റഡാറുകൾ പ്രവർത്തിക്കുന്നതെന്നതിനാൽ മേഘങ്ങൾക്ക് ഇന്ത്യൻ യുദ്ധവിമാനങ്ങളെ സഹായിക്കാൻ കഴിയില്ലെന്ന് സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടി. ലഗാൻ സിനിമയിൽ ഗ്രാമീണർ മേഘങ്ങളെ നോക്കുന്നതടക്കമുള്ള മീമുകൾ ഉപയോഗിച്ചാണ് ട്രോളുകളുള്ളത്.

Top