തൃശൂർ പൂരത്തിന്റെ വിളംബര ചടങ്ങുകൾ അൽപസമയത്തിനകം; ചടങ്ങുകൾ കർശന നിയന്ത്രണങ്ങളോടെ കനത്ത സുരക്ഷയിൽ

തൃശൂർ പൂരത്തിന്റെ വരവറിയിച്ചുളള വിളംബര ചടങ്ങുകൾ അൽപസമയത്തിനകം നടക്കും. നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരനട തള്ളി തുറക്കുന്നതോടെയാണ് ഈ വർഷത്തെ പൂരത്തിന് തുടക്കമാകുക. രാവിലെ 9.30നും 10.30നും ഇടയിലാണ് ചടങ്ങുകൾ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും തിടമ്പേറ്റുന്നത്. കർശന സുരക്ഷയിലാണ് ചടങ്ങുകൾ നടക്കുക.

കർശന ഉപാധികളോടെയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കളക്ടർ അനുമതി നൽകിയത്. ആനയെ ലോറിയിൽ വടക്കുംനാഥ ക്ഷേത്രപരിസരത്ത് കൊണ്ടുവരികയും ചടങ്ങ് പൂർത്തിയായാൽ ഉടൻ തിരികെ കൊണ്ടുപോകുകയും വേണം.10 മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് കെട്ടിതിരിച്ചാണ് ആളുകളെ നിയന്ത്രിക്കുക. ആനയുടെ അരികിലേക്ക് പോകുന്നതിനും സെൽഫിയെടുക്കുന്നതിനും വിലക്കുണ്ട്. നാല് പാപ്പാൻമാരുടെ സംരക്ഷണത്തിലായിരിക്കും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുക.

രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ മെഡിക്കൽ സംഘം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തൃപ്തികരമാണെന്നാണ് പരിശോധിച്ച മൂന്നംഗ സംഘം നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനെ പൂര വിളംബര ചടങ്ങിൽ പങ്കെടുപ്പിക്കാൻ കളക്ടർ അനുമതി നൽകിയത്. ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി മുന്നോട്ട് വെച്ച നിർദ്ദേശപ്രകാരമാണ് ഇന്നലെ രാവിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്നെ മൂന്നംഗ ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘം പരിശോധിച്ചത്. പരിശോധന ഒരു മണിക്കൂർ നീണ്ടു നിന്നിരുന്നു.

കഴിഞ്ഞ ആറ് വർഷമായി തൃശൂർ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവും കാരണം ആനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ആന പ്രേമികളുടേയും ആന ഉടമകളുടേയും ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top