സ്‌കൂൾ വികസന ഫണ്ട് ദുരുപയോഗം; പ്രധാനാധ്യാപകർക്കെതിരെ അച്ചടക്ക നടപടി

സ്‌കൂൾ വികസനത്തിനായി ഫണ്ട് വിനിയോഗിക്കാത്ത ഹെഡ്മാസ്റ്റർമാർക്കെതിരെ അച്ചടക്ക നടപടി വരുന്നു. സർക്കാർ ഉത്തരവുണ്ടായിട്ടും സ്‌കൂളിന്റെ ഭൗതിക നിലവാരം മെച്ചപ്പെടുത്താൻ സ്‌കൂൾ ഫണ്ട് വിനിയോഗിക്കാത്ത യു.പി, ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാർക്കെതിരെയാണ് നടപടി. ലഭ്യമായ ഫണ്ടു പോലും സ്‌കൂൾ പുരോഗതിക്കായി ഉപയോഗിക്കാത്തത് ഗുരുതരമായ കൃത്യവിലോപമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുടെ സ്‌പെഷ്യൽ ഫീസ് അക്കൗണ്ടുകളിലുള്ള തുക സ്‌കൂൾ നവീകരണത്തിനായി ഉപയോഗിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇതുപയോഗിക്കേണ്ടത്. എന്നാൽ പല സ്‌കൂളുകളും ഈ നിർദ്ദേശം അനുസരിക്കാൻ തയാറായിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് ഫണ്ട് വിനിയോഗിക്കാത്ത ഹെഡ്മാസ്റ്റർമാർക്കെതിരെ നടപടിയെടുക്കാൻ ഡയറക്ടറേറ്റ് തീരുമാനിച്ചത്.
Read Also : രാജ്‌മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയതായി പരാതി
ലഭ്യമായ ഫണ്ടുകൾ പോലും സ്‌കൂൾ പുരോഗതിക്കായി ഉപയോഗിക്കുന്നില്ലെന്നത് ഖേദകരമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ജെസി ജോസഫ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഇതു കുറ്റകരമായ കൃത്യവിലോപമാണ്. തുക വിനിയോഗിക്കാത്ത പ്രഥമഅധ്യാപകരുടെ പട്ടിക തയാറാക്കാൻ ജില്ലാ വിഭ്യാസഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഈ മാസം 16നകം തുക വിനിയോഗിക്കാത്ത പ്രഥമ അധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശം അനുസരിക്കാത്തവരുടെ പേരിൽ കർശനമായ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തുക വിനിയോഗത്തിന്റെ റിപ്പോർട്ട് ഈ മാസം 23നു മുമ്പ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നൽകണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here