യെമനില്‍ കോളറ പടര്‍ന്ന് പിടിക്കുന്നു; ജനുവരി മുതല്‍ ഇതുവരെ മാത്രം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോളറ ബാധിച്ചതായി കണക്കുകള്‍
ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ കോളറ പടര്‍ന്ന് പിടിക്കുന്നു. ജനുവരി മുതല്‍ ഇതുവരെ മാത്രം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോളറ ബാധിച്ചതായാണ് കണക്കുകള്‍.
മെച്ചപ്പെട്ട ജോലി തേടി ആഫ്രിക്കയില്‍ നിന്നും കടല്‍ കടന്നെത്തിയവരാണ് കോളറ ബാധിച്ചവരില്‍ ഏറെയുമെന്നാണ് കണക്കുകള്‍. ഏറ്റവുമൊടുവില്‍ കോളറ ബാധിച്ച ഭൂരിഭാഗം പേരും ആഫ്രിക്കന്‍ വംശജരാണ്. കാലം തെറ്റിയെത്തുന്ന മഴയും ഉയര്‍ന്ന ചൂടും കോളറ പടര്‍ന്ന് പിടിക്കുന്നതിന് കാരണമാവുന്നു എന്നാണ് വിദഗ്ദര്‍ പറയുന്നത്.
എന്നാല്‍ മെച്ചപ്പെട്ട ചികിത്സാ സൌകര്യം ലഭ്യമാകാത്തത് രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു. നിരവധി പേര്‍ ഇതുവരെ കോളറ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. രോഗികള്‍ക്ക് മരുന്നും ശുദ്ധമായ വെള്ളവും പോലും ലഭിക്കുന്നില്ല എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഭക്ഷണത്തിന് വല്ലപ്പോഴും മാത്രം ലഭിക്കുന്ന ബ്രെഡ് മാത്രമാണുള്ളതെന്നും രോഗികള്‍ പറയുന്നു. രൂക്ഷമായ ആഭ്യന്തര യുദ്ധവും യെമനില്‍ കോളറ വര്‍ധിക്കുന്നതിന് കാരണമാവുന്നുണ്ട് എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം യെമന്റെ തലസ്ഥാനമായ സനയില്‍ വീടുകള്‍ തോറും കയറി ആരോഗ്യ ഉദ്യോഗസ്ഥര്‍ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here