പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; ഹൈക്കോടതി വിശദീകരണം തേടി
പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. ഈ മാസം 17 ന് മുമ്പായി വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് ബാലറ്റ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് നടപടി. 20 ന് കേസ് വീണ്ടും പരിഗണിക്കും.പൊലീസുകാർക്ക് നൽകിയ മുഴുവൻ പോസ്റ്റൽ ബാലറ്റുകളും റദ്ദാക്കണമെന്നും വീണ്ടും വോട്ട് ചെയ്യാൻ ഹൈക്കോടതി ഇടപെട്ട് സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ശേഖരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ടിരുന്നു. പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾക്ക് നൽകണമെന്നാവശ്യപ്പെട്ടുള്ള പൊലീസ് ഗ്രൂപ്പിലെ വാട്സ് ആപ്പ് സന്ദേശം പുറത്തായതോടെയാണ് സംഭവം വിവാദമായത്. സംഭവത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയും വാട്സ് ആപ്പ് സന്ദേശമയച്ച തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
പോസ്റ്റൽ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി കണ്ണൂർ എ.ആർ ക്യാമ്പിൽ എ.എസ്.പിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നിരുന്നു. പൊലീസുകാരുടെ മുറികളിലും ശുചിമുറികളിലും അടക്കം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേ സമയം എ.ആർ ക്യാമ്പിൽ രാത്രി മിന്നൽ പരിശോധന നടത്തിയ സംഭവത്തിൽ സിപിഎം നേതൃത്വം ഡിജിപിയെ അതൃപ്തി അറിയിച്ചതായാണ് വിവരം. മിന്നൽ പരിശോധന സേനയുടെ ആത്മവിശ്വാസം കെടുത്തുന്നതാണെന്നാണ് ആക്ഷേപം.അതിനിടെ കാസർകോടും പൊലീസുകാർക്ക് പോസ്റ്റൽ വോട്ട് ലഭിച്ചില്ലെന്ന് കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. കണ്ണൂരിലും തൃശൂരിലും നേരത്തെ തന്നെ പോസ്റ്റൽ വോട്ടിന്റെ കാര്യത്തിൽ പരാതികളുണ്ടായിരുന്നു. പോസ്റ്റൽ ബാലറ്റ് ക്രമക്കേടിനെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here