Advertisement

ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവം; സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഷിബു ചെല്ലികണ്ടത്തില്‍

May 14, 2019
Google News 0 minutes Read

ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഷിബു ചെല്ലികണ്ടത്തില്‍. കൃഷ്ണപിള്ളസ്മാരകം തകര്‍ത്ത കേസിലെ പ്രതികളെ രക്ഷിക്കാന്‍ സിപിഎം കണര്‍കാട് ലോക്കല്‍ സെക്രട്ടറിയും , ലോക്കല്‍ കമ്മറ്റി അംഗവും ശ്രമിച്ചു എന്നാണ് ഷിബുവിന്റെ ആരോപണം. എന്നാല്‍ ആരോപണം സംബന്ധിച്ച തെളിവ് നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ആലപ്പുഴ മുഹമ്മയിലെ പി.കൃഷ്ണപിളള സ്മാരകം കത്തിച്ച കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി സാക്ഷികളെ സാധീനിച്ചു മൊഴി തിരുത്താന്‍ പ്രാദേശിക നേതൃത്വം ഇടപെട്ടുവെന്നായിരുന്നു ഷിബുവിന്റെ ആദ്യ വെളിപ്പെടുത്തല്‍. ഇത് വിവാദമാകുകയും പാര്‍ട്ടി നേതൃത്വം ഷിബുവിനെതിരെ അച്ചടക്ക നടപടി എടുക്കുകയും ചെയ്തതോടെയാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കണര്‍കാട് ലോക്കല്‍ സെക്രട്ടറിയും, മറ്റൊരു എല്‍സി മെമ്പറും ശ്രമിച്ചു എന്നാണ് ഷിബു പറയുന്നത്.  എന്നാല്‍ ഈ ആരോപണങ്ങള്‍ ചില പ്രാദേശിക നേതാക്കള്‍ക്ക് എതിരെ മാത്രമാണെന്നും, അച്ചടക്ക നടപടി അംഗീകരിച്ച് പാര്‍ട്ടിക്കാരനായി തന്നെ തുടരുമെന്നും ഷിബു വ്യക്തമാക്കി. ആരോപണം പരസ്യമായി പറഞ്ഞതില്‍ വീഴ്ച്ച പറ്റിയെന്നും അദേഹം പറഞ്ഞു.

അതേസമയം,  ഷിബുവിന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും, വ്യക്തി വിദ്വേഷമാണ് ഇതിന് പിന്നിലെന്നും സിപിഎം പ്രാദേശിക നേതൃത്വം പറയുന്നു. ഷിബു കേസിലെ സാക്ഷിയല്ല. സാക്ഷികളായവരാരും ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ല. 164 പ്രകാരം ജഡ്ജിക്ക് മുന്നില്‍ നല്‍കിയ മൊഴി തിരുത്താന്‍ സാമാന്യ ബോധമുള്ള ആരും ആവശ്യപ്പെടില്ലെന്നും പ്രാദേശിക നേതൃത്വം വാദിക്കുന്നു. ഏതായാലും 2013 ല്‍ നടന്ന കൃഷ്ണപിള്ള സ്മാരക അക്രമ കേസിന്റെ വിചാരണയടക്കം അവസാനിക്കാനിരിക്കെ കഞ്ഞിക്കുഴിയിലെ പാര്‍ട്ടിയിലുണ്ടായ പുതിയ വിവാദം സിപിഎം ന് പുതിയ തലവേദനയായിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here