‘മരിക്കേണ്ടി വന്നാലും താങ്കളുടെ മാതാപിതാക്കളെ അധിക്ഷേപിക്കില്ല’; മോദിയോട് രാഹുൽ ഗാന്ധി

മരിക്കേണ്ടി വന്നാലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാപിതാക്കളെ അധിക്ഷേപിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയെ താൻ സ്‌നേഹം കൊണ്ടാണ് തോൽപ്പിക്കാൻ പോകുന്നതെന്നും ഉജ്ജൈനിൽ ഒരു തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.
മോദിജി വെറുപ്പോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം തന്റെ അച്ഛനെയും മുത്തശ്ശിയെയും മുതുമുത്തച്ഛനെയും അധിക്ഷേപിക്കുന്നു. പക്ഷെ താനെന്റെ ജീവിതത്തിൽ ഒരിക്കൽപ്പോലും അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റി മോശം പറഞ്ഞിട്ടില്ല. അച്ഛനേയോ അമ്മയെയോ ദോഷം പറഞ്ഞിട്ടില്ല. താൻ മരിച്ചാലും അദ്ദേഹത്തിന്റെ മാതാപിതാക്കളെ അധിക്ഷേപിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തനിക്കു നേരെ വെറുപ്പ് വർഷിക്കുകയാണെങ്കിൽ താൻ തിരിച്ച് സ്‌നേഹിക്കും. ഞാൻ അദ്ദേഹത്തെ സ്‌നേഹിച്ചും ആലിംഗനം ചെയ്തും തോൽപ്പിക്കും. താനൊരു കോൺഗ്രസുകാരനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജീവ് ഗാന്ധിക്കും ഇന്ദിരാഗാന്ധിക്കും നെഹ്‌റുവിനുമെതിരെ നിരന്തരമായ ആക്രമണങ്ങൾ അഴിച്ചു വിട്ടുകൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന മോദിയുടെ പരാമർശം അടുത്തിടെ ഏറെ വിവാദമായിരുന്നു. ഇതിനെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യുദ്ധം കഴിഞ്ഞു, കർമഫലം താങ്കളെ കാത്തിരിക്കുന്നുവെന്നായിരുന്നു മോദിക്കെതിരെ രാഹുൽ ട്വിറ്ററിൽ കുറിച്ചത്. നരേന്ദ്ര മോദിക്ക് അമേഠി മറുപടി നൽകുമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here