16
Sep 2019
Monday

മഴമേഘങ്ങൾ സത്യത്തിൽ റഡാറിൽ നിന്നും വിമാനങ്ങളെ മറയ്ക്കുമോ ? ഒരു റഡാർ പ്രവർത്തിക്കുന്നതെങ്ങനെയാണ് ?

റഡാർ… ഈ വാക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. ഒരുപക്ഷേ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞതും റഡാറിനെ കുറിച്ച് തന്നെയായിരിക്കും. മോശം കാലാവസ്ഥയെ തുടർന്ന് ബലാക്കോട്ട് ആക്രമണത്തിൽ നിന്ന് പിൻമാറിയാലോ എന്ന ആശങ്ക സേന പ്രകടിപ്പിച്ചപ്പോൾ അത് വേണ്ട മഴമേഘങ്ങൾ റഡാറിൽ നിന്നും ഇന്ത്യൻ യുദ്ധവിമാനങ്ങളെ മറയ്ക്കുമെന്ന് പറഞ്ഞ് പ്രത്യാക്രമണത്തിനുള്ള ധൈര്യം കൊടുത്തത് താനാണെന്ന തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയാണ് ‘റഡാറിനെ’ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചത്.

എന്നാൽ മഴമേഘങ്ങൾ സത്യത്തിൽ റഡാറിൽ നിന്നും വിമാനങ്ങളെ മറയ്ക്കുമോ ? എങ്ങനെയാണ് റഡാറിന്റെ പ്രവർത്തനം ? പ്രധാനമന്ത്രി പറഞ്ഞതിന് പിന്നിൽ എത്രമാത്രം ശരിയുണ്ട് ?

എന്താണ് റഡാർ ?

വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് നിശ്ചലമോ ചലിക്കുന്നതോ ആയ ഒരു വസ്തുവിലേക്കുള്ള ദൂരം, ഉയരം, ദിശ, വേഗം എന്നിവ കണ്ടെത്തുന്നതിനുപയോഗിക്കുന്ന യന്ത്രമാണ് റഡാർ. റേഡിയോ ഡിറ്റെക്ഷൻ ആൻഡ് റേഞ്ചിങ്ങ് എന്നതിന്റെ ചുരുക്കമാണ് റഡാർ.

Read Also : 1987ൽ ഡിജിറ്റൽ ക്യാമറയും ഇ-മെയിലും; വീണ്ടും അബദ്ധത്തിൽ ചാടി മോദി

ഇത് പ്രധാനമായും വിമാനം, കപ്പൽ, വാഹനങ്ങൾ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിന് ഉപയോഗിച്ചു വരുന്നു. സൈനികാവശ്യങ്ങൾക്കും, ആഭ്യന്തര, അന്തർദ്ദേശീയ വ്യോമയാനാവശ്യങ്ങൾക്കും അവശ്യം ആവശ്യമായ ഉപകരണമാണ് റഡാർ.

പ്രവർത്തനം

പ്രൈമറി റഡാറും, സെക്കൻഡറി റഡാറുമുപയോഗിച്ചാണ് വിമാനങ്ങൾ ട്രാക്ക് ചെയ്യുന്നത്. സിവിലിയൻ വിമാനമാണെങ്കിലും വ്യോമസേന വിമാനമാണെങ്കിലും റഡാർ ഉപയോഗിച്ച് എളുപ്പത്തിൽ ട്രാക്ക് ചെയ്യാം.

പ്രൈമറി സർവെയ്‌ലൻസ് റഡാർ ഉപയോഗിച്ചാണ് എയർക്രാഫ്റ്റ് ട്രാക്ക് ചെയ്യുന്നത്. റഡാർ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവിൽ തട്ടി പ്രതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ് വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നത്. എല്ലാ റഡാറും പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. (Source: Radar- Britannica)

എയർ ട്രാഫിക് കണ്ട്രോൾ ഉപയോഗിക്കുന്ന സെക്കൻഡറി റഡാർ, എയർക്രാഫ്റ്റിന്റെ ഓൺബോർഡ് ട്രാൻസ്‌പോണ്ടറിൽ നിന്നും സിഗ്നലുകൾ സ്വീകരിച്ച് ട്രാൻസ്മിറ്റ് ചെയ്തുകൊണ്ടേയിരിക്കും. ഈ ട്രാൻസ്‌പോണ്ടറുകൾ പലവിധമുണ്ട്. വ്യാവസായിക വിമാനങ്ങളിൽ ഓട്ടോമാറ്റിക് ഡിപ്പൻഡന്റ് സർവെയ്‌ലൻസ് ബ്രോഡ്കാസ്റ്റ് (എഡിഎസ്-ബി) എന്ന ട്രാൻസ്‌പോണ്ടറാണ് ഉപയോഗിക്കുന്നത്.

മഴമേഘങ്ങൾ റഡാറിൽ നിന്നും വിമാനങ്ങളെ ‘മറയ്ക്കുമോ’?

റഡാറുകൾ സിഗ്നലുകൾ കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നുകൊണ്ട് തന്നെ യുദ്ധവിമാനങ്ങളെ ‘മറയ്ക്കാൻ’ മഴമേഘങ്ങൾക്ക് സാധിക്കുമെന്നത് തെറ്റായ കാര്യമാണ്.

റേഡിയോ തരംഗങ്ങൾക്ക് മഴമേഘങ്ങളെ വളരെ അനായാസം തന്നെ മറികടക്കാൻ സാധിക്കും. നദികളുടേയും, പുഴകളുടേയും ആഴത്തിലേക്ക് വരെ റേഡിയോ തരംഗങ്ങൾക്ക് അനായാസം പ്രവേശിക്കാൻ സാധിക്കും. എന്നാൽ സമുദ്രത്തിൽ റേഡിയോ തരംഗങ്ങൾക്ക് പ്രവേശിക്കുക അത്ര എളുപ്പമല്ല. സമുദ്ര ജലത്തിലെ ഉപ്പിലെ അയോണുകളുമായി റേഡിയോ തരംഗങ്ങൾ കൂട്ടിമുട്ടുമ്പോൾ തരംഗങ്ങൾ വിഭജിച്ചുപോകും. അതുകൊണ്ടാണ് മുങ്ങിക്കപ്പലുകൾ കണ്ടെത്തുക ബുദ്ധിമുട്ടാകുന്നതും, ഇതിനായി മറ്റ് പല സാങ്കേതിക വിദ്യകളുടെ സഹായം തേടുന്നതും.

Read Also : മോശം കാലാവസ്ഥയിലെ വ്യോമാക്രമണം തന്റെ ആശയമെന്ന് മോദി; റഡാർ ബൈനോക്കുലർ അല്ലെന്ന് സോഷ്യൽ മീഡിയ

ട്രാൻസ്‌പോണ്ടർ സ്വിച്ച് ഓഫ് ചെയ്താൽ സെക്കൻഡറി റഡാറിന് വിമാനങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കില്ല. ബലാകോട്ട് പോലുള്ള അതീവ രഹസ്യ സ്വഭാവമുള്ള ഓപ്പറേഷന് ട്രാൻസ്‌പോണ്ടർ സ്വിച്ച് ഓഫ് ചെയ്താൽ തന്നെയും പ്രൈമറി റഡാറിന് യുദ്ധവിമാനം ട്രാക്ക് ചെയ്യാൻ സാധിക്കും. വിമാനങ്ങളെ കൂടുതൽ കൃത്യതയോടെ ലൊക്കേറ്റ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള മിലിറ്ററി ഗ്രേഡ് റഡാറുകളുണ്ട്.

മഴമേഘങ്ങളിലൂടെ പ്രവേശിക്കുക എന്നത് റേഡിയോ തരംഗങ്ങൾക്ക് ആനായാസമെന്നറിയാവുന്നതുകൊണ്ട് തന്നെ ഇന്ത്യൻ വ്യോമസേന മിറാഷ് 2000 യുദ്ധ വിമാനത്തിൽ പാകിസ്ഥാൻ റഡാറുകൾ ജാമാക്കാൻ ശേഷിയുള്ള ഇലക്ട്രോണിക് യുദ്ധ യന്ത്രങ്ങൾ ഉപയോഗിച്ചിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top