അക്രമം: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു; നടപടി ചരിത്രത്തിൽ ആദ്യം

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിവരെയാക്കിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇത്തരത്തിലൊരു നടപടി ചരിത്രത്തിൽ ആദ്യമാണ്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും നിരന്തരം ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. അടുത്ത ഞായറാഴ്ച ഒൻപത് മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ട പശ്ചിമ ബംഗാളിൽ വെള്ളിയാഴ്ച വൈകീട്ട് ആറു മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന് സമയം അനുവദിച്ചിരുന്നത്.
ആർട്ടിക്കിൽ 324 പ്രയോഗിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഒൻപത് മണ്ഡലങ്ങളുടേയും ചുമതലയും നിയന്ത്രണവും ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയിലായിരിക്കും. പശ്ചിമ ബംഗാളിലെ പ്രിൻസിപ്പൽ സെക്രട്ടറിയുടേയും ആഭ്യന്തര സെക്രട്ടറിയുടേയും ചുമതലകൾ മരവിപ്പിച്ചിരിക്കുകയാണ്. എന്തെങ്കിലും രീതിയിലുള്ള നടപടികൾ സ്വീകരിക്കാൻ ഇരുവർക്കും സാധിക്കില്ല.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ വലിയ രീതിയിലുള്ള സംഘർഷങ്ങൾ കൊൽക്കത്തയിൽ അരങ്ങേറിയിരുന്നു. ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. സാമൂഹ്യപരിഷ്കർത്താവ് ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുന്നിടത്തുവരെ കാര്യങ്ങൾ എത്തിയിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
ഈ രീതിയിൽ കാര്യങ്ങൾ പോയാൽ നിയന്ത്രിക്കാൻ സാധിക്കാത്ത വിധം കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് പ്രദേശത്ത് നിയോഗിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷകൻ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രത്യേകം യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here