മുൻ സുപ്രീംകോടതി ജഡ്ജി മദൻ ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു

മുൻ സുപ്രീംകോടതി ജഡ്ജി മദൻ ഭീംറാവു ലോകുറിനെ ഫിജി സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഫിജി സുപ്രീംകോടതിയുടെ നോൺ റെസിഡന്റ് പാനലിൽ മൂന്നു വർഷത്തേക്കാണ് നിയമനം.
സുപ്രീംകോടതിയിൽ നിന്നും വിരമിച്ച 2018 ഡിസംബർ 31ന് തന്നെ നിയമന ഉത്തരവ് ജസ്റ്റിസ് ലോകുറിന് ലഭിച്ചിരുന്നു. ഫിജി സുപ്രീംകോടതിയിൽ ജസ്റ്റിസ് ലോകുർ ആഗസ്റ്റ് 15 മുതൽ 30 വരെയുള്ള സെഷനിലാണ് ഇരിക്കുക.
വർഷത്തിൽ രണ്ടുതവണയായാണ് ഫിജി സുപ്രീംകോടതി പ്രവർത്തിക്കുന്നത്. ഒരു സെഷനിൽ നാല് ആഴ്ചയാണ് കോടതി പ്രവർത്തിക്കുക. 2012 ജൂൺ നാലിന് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റ മദൻ ലോകുർ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലായിരുന്നു പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ഇക്കാലയളവിൽ കർഷകർ, നിർമാണ മേഖലയിലെ തൊഴിലാളികൾ തുടങ്ങി നീതിലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിഭാഗങ്ങളുടെ വിഷയങ്ങളിൽ സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here