ഇന്ത്യന്‍ എ ടീമില്‍ ഇടംപിടിച്ച് മലയാളിതാരം സന്ദീപ് വാര്യര്‍

ഇന്ത്യന്‍ എ ടീമില്‍ ഇടംപിടിച്ച് മലയാളിതാരം സന്ദീപ് വാര്യര്‍. ശ്രീലങ്കന്‍ എ ടീമിനെതിരായ ഇന്ത്യന്‍ ടീമിലാണ് സന്ദീപ് ഇടംപിടിച്ചത്. ടെസ്റ്റ് മത്സരങ്ങളില്‍ ഇഷന്‍ കിഷനും ഏകദിന മത്സരങ്ങളില്‍ പ്രിയങ്ക് പഞ്ചലും ഇന്ത്യന്‍ യുവനിരയെ നയിക്കും.
14 അംഗ ഇന്ത്യന്‍ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മേയ് 25ന് ആരംഭിക്കുന്ന ശ്രീലങ്ക എ.ടിമീനെതിരായ പോരാട്ടത്തിലാണ് സന്ദീപ് വാര്യര്‍ ഇടംപിടിച്ചത്. വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ സന്ദീപ് വാര്യര്‍ തൃശൂര്‍ സ്വദേശിയാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി സന്ദീപ് കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണിന് ടീമില്‍ ഇടം കണ്ടെത്താനായില്ല.
ഐപിഎല്ലില്‍ തിളങ്ങുന്ന പ്രകടനം പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍, ശ്രേയസ് ഗോപാല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചു. ശ്രീലങ്ക എ ടീമിനെതിരായ പരമ്പരയില്‍ രണ്ടു ചതുര്‍ദിന മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണുള്ളത്. ജൂലായ് 11-ന് വെസ്റ്റ് ഇന്‍ഡീസ് എ ടീമിനേയും ഇന്ത്യ നേരിടും. പരമ്പരയില്‍ മൂന്നു ചതുര്‍ദിന മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തോടെ വൃദ്ധിമാന്‍ സാഹ വീണ്ടും ക്രിക്കറ്റ് ലോകത്ത് തിരിച്ചെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here