നാദാപുരം ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ബോംബുകള്‍ കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

നാദാപുരം ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചു. റൂറല്‍ എസ്പി യു.അബ്ദുള്‍ കരീമിന്റെ നിര്‍ദ്ദേശ പ്രകാരം സിഐ രാജീവന്‍ വലിയ വളപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
വോട്ടെണ്ണലിന് ശേഷം നാദാപുരം മേഖലയില്‍ വ്യാപകമായ സംഘര്‍ഷം ലക്ഷ്യമിട്ടാണ് വന്‍ പ്രഹര ശേഷിയുള്ള പൈപ്പ് ബോംബുകള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് വെച്ചതെന്നാണ് പോലീസ് നിഗമനം. കല്ലാച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളിലാണ് ഇവ സൂക്ഷിച്ച് വെച്ചതായി കണ്ടെത്തിയത്. അന്വേഷണ സംഘം കടയിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധനക്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്ന് ബോംബുകള്‍ ഉണ്ടാക്കിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് ഇക്കാര്യം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍ വ്യക്തമാക്കുകയും ചെയ്തു. വലിയ സ്ഥാപനങ്ങള്‍ പോലും തകര്‍ക്കാന്‍ പറ്റുന്ന പ്രഹര ശേഷിയുള്ളതാണ് ഈ ബോംബുകളെന്ന് സിഐ പറഞ്ഞു.
കൃത്യത്തില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം റൂറല്‍ എസ്പി നാദാപുരത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. ബോംബ് ശേഖരം കണ്ടെത്തിയ ചേലക്കാട്ടും പൈപ്പ് ബോംബ് സ്ഫോടനമുണ്ടായ പുറമേരി പഞ്ചായത്തിലെ അരൂരിലും എസ്പി സന്ദര്‍ശനം നടത്തി.
മെയ് മൂന്നിന് രാവിലെയാണ് രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയില്‍ ബോംബ് ശേഖരം കണ്ടെത്തിയത്. 13 ഉഗ്രശേഷിയുള്ള പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളും വെടി മരുന്ന് ശേഖരവുമാണ് വീട് നിര്‍മാണത്തിനായി മണ്ണെടുക്കുന്നതിനിടെ തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here