മോദി ഭരണത്തിന് കീഴിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ ഭീതിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ ഭീതിയിലെന്ന് ബിബിസി റിപ്പോർട്ട്. ബിജെപിക്കു കീഴിൽ ഇന്ത്യൻ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാവുന്നുവെന്നാണ് മുസ്ലിങ്ങളുടെ ഭീതിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ മുസ്ലീങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവെന്ന കാര്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ചില മുസ്ലീങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ബിബിസി ഇക്കാര്യം വിശദീകരിക്കുന്നത്.
അസമിലെ വടക്കു കിഴക്കൻ പ്രദേശത്തുള്ള ഷൗക്കത്ത് അലി എന്ന കച്ചവടക്കാരന്റെ അനുഭവങ്ങളിലേക്കാണ് ബിബിസി കൊണ്ടുപോകുന്നത്. അലി നേരിട്ടത് അതിക്രൂരമായ മർദ്ദനമാണ്. ബീഫ് വിൽക്കുന്നുവെന്നാരോപിച്ച് ഒരു വിഭാഗം ആളുകൾ അലിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. താൻ ബംഗ്ലാദേശിയാണോ എന്നായിരുന്നു ആൾക്കൂട്ടത്തിൽ ഒരാൾക്ക് അറിയേണ്ടിയിരുന്നതെന്ന് ഷൗക്കത്ത് അലി പറയുന്നു. തന്റെ ഇന്ത്യൻ പൗരത്വത്തെ അയാൾ ചോദ്യം ചെയ്തു. താൻ എന്തിനാണ് ഇവിടെ ബീഫ് വിൽക്കുന്നത് എന്നായിരുന്നു മറ്റെരാൾക്ക് അറിയേണ്ടിയിരുന്നതെന്നും അലി പറയുന്നു. അലിക്ക് നേരെയുള്ള മർദ്ദനം കണ്ട് ചുറ്റും കൂടിയ ആളുകൾ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയാണ് ചെയ്തത്. ആക്രമണത്തെ തുടർന്ന് ജോലി വേണ്ടെന്നുവെക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഷൗക്കത്ത്.
ആക്രമണം നടന്ന് ഒരു മാസം പിന്നിട്ടിരിക്കുന്നു. എന്നാൽ പരിക്കുകൾ പൂർണ്ണമായും ഭേദമായിട്ടില്ല. പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടറുടെ ചോദ്യങ്ങൾക്ക് നിറകണ്ണുകളോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. അവർ ഒരു വടികൊണ്ട് തന്നെ ക്രൂരമായി അടിച്ചുവെന്ന് അലി പറയുന്നു. മുഖത്ത് ഇടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് അലി വിശദീകരിച്ചു. തനിക്ക് ജീവിച്ചിരിക്കാൻ തോന്നുന്നില്ലെന്നും ഇത് തന്റെ വിശ്വാസത്തിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളായി തങ്ങളുടെ ചെറിയ ഭക്ഷണ ശാലയിൽ ഷൗക്കത്ത് അലി ബീഫ് കറി വിറ്റു വരികയാണ്. മുൻപൊന്നും ഇത്തരത്തിലുള്ള അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചില സംസ്ഥാനങ്ങളിൽ ബീഫ് വിൽക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും അസമിൽ അതിന് നിയമപരമായ തടസങ്ങളില്ല. അതിനിടെയാണ് ഇത്തരത്തിലൊരു സംഭവം എന്നതാണ് ശ്രദ്ധേയം.
2015 മെയ് മാസത്തിനും 2018 ഡിസംബറിനും ഇടയിൽ ഇന്ത്യയിൽ കൊല്ലപ്പെട്ട 44 പേരിൽ 36 പേരും മുസ്ലീങ്ങളാണെന്നാണ് ഹ്യൂമൺ റൈറ്റ്സ് വാച്ചിന്റെ 2019 ഫെബ്രുവരിയിൽ റിപ്പോർട്ടിൽ പറയുന്നത്. ഇതേ കാലയളവിൽ രാജ്യമെമ്പാടുമുണ്ടായ 100ലേറെ അക്രമ സംഭവങ്ങളിൽ 280 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here