50 ദിവസം, 10000 കിലോമീറ്റർ; നിലമ്പൂരിനെ നെഞ്ചിലേറ്റി കാൻസർ ബോധവൽക്കരണവുമായി അഞ്ച് യുവാക്കൾ

നിലമ്പൂരിനെ നെഞ്ചിലേറ്റി ടീക്ലാൻഡ് റൈഡേഴ്സ് എന്ന പേരിൽ കാൻസർ ബോധവൽക്കരണ യജ്ഞവുമായി അഞ്ച് യുവാക്കൾ. നിലമ്പൂർ മുതൽ ലഡാക്ക് വരെ ബൈക്കിൽ ഏകദേശം അൻപത് ദിവസമാണ് യുവാക്കളുടെ യാത്ര. പതിനേഴ് സംസ്ഥാനങ്ങളിലൂടെ, പതിനായിരം കിലോമീറ്ററുകൾ പിന്നിടുകയാണ് ഇവരുടെ ലക്ഷ്യം. ‘Beat cancer before it eats you’ എന്നതാണ് യുവാക്കൾ ഉയർത്തുന്ന മുദ്രാവാക്യം.
ഇന്നലെയാണ് നിലമ്പൂരിലെ കനോട്ടിപ്ലോട്ടിൽ നിന്നും യുവാക്കളുടെ ധൗത്യയാത്ര ആരംഭിച്ചത്. മാറുനിറയെ പച്ചപ്പുള്ള തേക്കിൻ കാട്ടിൽ നിന്നും, മനസു നിറയെ നിഗൂഢ സ്വപ്നങ്ങളുറങ്ങുന്ന ലഡാക്കുമായി ഒരു ഞരമ്പ് ഘടിപ്പിക്കുകയാണ് യുവാക്കൾ. പിന്നിടുന്ന ഓരോ സംസ്ഥാനങ്ങളിലും കഴിയും വിധം ആളുകളോട് ഇടപഴകുകയാണ് യുവാക്കൾ ലക്ഷ്യംവെയ്ക്കുന്നത്. കാൻസർ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പ്രത്യേകം സംവാദങ്ങൾ സംഘടിപ്പിക്കും. ആളുകൾക്ക് നൽകാനായി ഇംഗ്ലീഷിലും ഹിന്ദിയിലും പ്രത്യേകം ലഘുലേഖകളും കരുതിയിട്ടുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എം വി ദേവദാസ്, പ്രിനു ശ്രീസ്, നദീർ, ഗോകുൽ ദാസ്, നീരജ് എന്നിവരാണ് ടീക്ലാൻഡ് റൈഡേഴ്സിലെ യുവാക്കൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here