Advertisement

‘ഇവൻ നാടിന് അപമാനം’; കുന്നംകുളത്തെ മൂന്നാംമുറയിൽ സിപിഒ സജീവന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

2 hours ago
Google News 2 minutes Read
kunnamkulam

തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റ് സുജിത്തിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ വീണ്ടും പ്രതിഷേധം. സുജിത്തിനെ മർദിച്ച സിപിഒ സജീവന്റെ തൃശൂർ മാടക്കാത്തറയിലെ വീട്ടിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്. വീടിന് സമീപമുള്ള പ്രധാന കവലയിൽ പൊലീസ് ക്രിമിനലുകൾ നാടിന് അപമാനം എന്ന പോസ്റ്റർ പതിച്ചു. മണ്ണൂത്തി സ്റ്റേഷനിൽ നിന്ന് പൊലീസുകാർ എത്തി സിപിഒ സജീവന്റെ വീട്ടിൽ വലിയ സുരക്ഷ ഏർപ്പെടുത്തി. ഇവൻ നാടിന് അപമാനം എന്നെഴുതിയ പോസ്റ്ററിൽ സുജിത്തിന്റെ ചിത്രമടക്കം പതിപ്പിച്ചാണ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്. സജീവനെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും അതുവരെ ശക്തമായ സമരം നടത്തുമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

അതേസമയം, പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറയിൽ നിർണായക വെളിപ്പെടുത്തലുമായി മർദനമേറ്റ സുജിത്ത് രംഗത്തെത്തിയിരുന്നു. പരാതിയിൽ നിന്ന് പിന്മാറുന്നതിന് തനിക്ക് പൊലീസുകാർ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് സുജിത്ത് ട്വന്റി ഫോറിനോട് പറഞ്ഞു. മർദനദിവസം ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവർ സുഹൈറിനെ കേസിൽ പ്രതിചേർത്തിട്ടില്ല. തന്നെ മർദിച്ചവരിൽ പ്രധാനിയായിരുന്നു സുഹൈറെന്നും വി എസ് സുജിത്ത് പറയുന്നു. സുജിത്തിനെതിരെ ക്രൂരമർദനം നടന്നുവെന്നാണ് ക്രൈം റെക്കോർഡ് ബ്യൂറോ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. മാത്രവുമല്ല സംഭവത്തിൽ പൊലീസ് വീഴ്ച അക്കമിട്ട് നിരത്തുന്നുമുണ്ട്. പുതിയ ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും.

പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണത്തിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായി. സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തനരഹിതമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു. പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ കോടതി ഉത്തരവ് ഉണ്ടായിരുന്നു. പല സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിച്ചിട്ടില്ലെന്നും ചില സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തനരഹിതമെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 8 മാസത്തിനുള്ളിൽ പൊലീസ് കസ്റ്റഡിയിൽ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

Story Highlights : Youth Congress protest at CPO Sajeev’s house about kunnamkulam Lockup beating

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here