Advertisement

വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ വരും; അഞ്ച് വർഷത്തെ സ്‌നേഹത്തിന് നന്ദിയെന്ന് നരേന്ദ്രമോദി

May 17, 2019
Google News 1 minute Read

വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് വർഷത്തിനിടെ ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയത്. ജനങ്ങളുടെ സ്‌നേഹത്തിന് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്നും മോദി പറഞ്ഞു.

പുതിയ ഭരണരീതിയാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന് മോദി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് ഇപ്പോൾ നിലവിലുള്ളത്. ആ വികസനം ജനങ്ങൾക്ക് മനസ്സിലാകും. അതിനനുസരിച്ച് അവർ വോട്ട് ചെയ്യും. അഞ്ച് വർഷത്തിനിടെ തന്റെ ഒരു പരിപാടി പോലും റദ്ദായിട്ടില്ല. പരമാവധി അച്ചടക്കത്തോടെ ഭരണം മുന്നോട്ടുപോയെന്നും മോദി പറഞ്ഞു. വാർത്താസമ്മേളനം തുടരുകയാണ്.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി വാർത്താസമ്മേളനം നടത്തുന്നത്. പ്രജ്ഞ സിംഗ് താക്കൂറിന്റെ വിവാദപരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് മോദി മാധ്യമങ്ങളെ കാണുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മോദിക്കൊപ്പമുണ്ട്. അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു.

മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷായാണ് വാർത്താസമ്മേളനത്തിൽ ആദ്യം സംസാരിച്ചത്. വിലക്കയറ്റവും അഴിമതിയും ഇല്ലാത്ത അഞ്ച് വർഷമാണ് കടന്നുപോയതെന്ന് അമിത് ഷാ പറഞ്ഞു. ആദിവാസികളുടേയും ദളിതരുടേയും സുരക്ഷ മോദി സർക്കാർ ഉറപ്പാക്കി. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയർന്നെന്നും, വികസനം വർദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികൾ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.

സ്ത്രീ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കി. വൻഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാൻ കഴിഞ്ഞ ബിജെപി സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. കൃഷിക്കാർ മുതൽ, മധ്യവർഗക്കാർ വരെയുള്ളവർക്കായി പദ്ധതികൾ കൊണ്ടുവന്നു. ആയുഷ്മാൻഭാരത്, ജൻധൻയോജന എന്നിവ നേട്ടങ്ങളാണെന്നും അമിത് ഷാ പറഞ്ഞു. മോദി ഭരണത്തിൽ ജനങ്ങൾ സുരക്ഷിതരായിരുന്നു. ‘ഞാനും കാവൽക്കാരൻ’ പ്രചാരണം ഫലം കണ്ടുവെന്ന് പറഞ്ഞ അമിത് ഷാ, മേദി ഭരണം വീണ്ടും വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here