പി വി അൻവറിന്റെ അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ടു തുടങ്ങി; നടപടി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്

പി വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ട് തുടങ്ങി. മലപ്പുറം ചീങ്കണ്ണിപ്പാലയിലെ തടയണയിലെ വെള്ളമാണ് നീക്കുന്നത്.  ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. വെള്ളം ഒഴുക്കി തുടങ്ങിയിട്ട് നാലു ദിവസമായി.

കക്കാടം പൊയിലിലെ അൻവറിന്റെ അനധികൃത വാട്ടർ തീം പാർക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയിൽ നിന്നായിരുന്നു.അൻവറിന്റെ വാട്ടർ തീം അമ്യൂസ്‌മെന്റ് പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമ്മിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. പാർക്ക് സ്ഥിതി ചെയ്യുന്ന കക്കാടം പൊയിലിലെ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോൺ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ്.

ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിർത്തിയിരിക്കുന്നത്. ഈ തടയണയ്ക്കു താഴെ ആദിവാസി കോളനിയാണ്. ഇവിടേയ്ക്കുള്ള നീരൊഴുക്ക് തടഞ്ഞു നിർത്തിയാണ് അൻവർ തടയിണ നിർമ്മിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top