ചൂർണിക്കര വ്യാജരേഖ കേസ്; പ്രതി അബു സബ് കളക്ടറുടെ പേരിൽ വ്യാജ ഉത്തരവുകൾ ചമച്ചതായി വിജിലൻസ്

ചൂർണിക്കര വ്യാജരേഖാക്കേസിലെ ഒന്നാം പ്രതി അബു ഫോർട്ട് കൊച്ചി സബ് കലക്ടറുടെ പേരിൽ വ്യാജ ഉത്തരവുകൾ ചമച്ചതായി വിജിലൻസ് കണ്ടെത്തി. വ്യാജരേഖ നിർമ്മിച്ചതിൽ അബുവിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുന്ന എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
ആലുവ ചൂർണിക്കരയിൽ വ്യാജരേഖ ചമച്ച്വയൽ നികത്തിയ കേസിലെ ഒന്നാം പ്രതിയായ കാലടി സ്വദേശി അബു സമാനമായ മറ്റ് വ്യാജരേഖകളും ചമച്ചുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഫോർട്ട് കൊച്ചി സബ്കലക്ടറുടെ പേരിലാണ് ഭൂമി തരംമാറ്റാനുള്ള രണ്ട് വ്യാജ ഉത്തരവുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. ഉദ്യോഗസ്ഥർ മുതൽ ഇടനിലക്കാർ വരെ നീളുന്ന വൻ സംഘം ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് നിഗമനം. വ്യാജരേഖയുണ്ടാക്കിയ കേസിൽ വ്യാപകമായി ക്രമക്കേട് നടന്നെന്നായിരുന്നു വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധന നടത്താൻ വിജിലൻസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽനടത്തിയ പരിശോധനയിലണ് ഫോർട്ട് കൊച്ചിയിലെ വ്യാജേരേഖകൾ സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചത്.
കൂടുതൽ പേർക്ക് അബു വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി നിലവിൽ റിമാൻഡിലുള്ള അബു, ലാന്റ് റവന്യു കമ്മീഷണറേറ്റ് ജീവനക്കാരൻ അരുൺ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. എറണാകുളം ജില്ലയിലെ മറ്റിടങ്ങളിൽ സമാന ക്രമക്കേട് നടന്നിട്ടുണ്ടെയെന്ന് കണ്ടെത്താൻ ജില്ലാ കലക്ടറിൽ നിന്ന് വിജിലൻസ് വിവരങ്ങൾ ശേഖരിക്കും. എറണാകുളം വിജിലൻസ് എസ് പി കെ കാർത്തിക്കിനാണ് അന്വേഷണ ചുമതല. കൈക്കൂലി, വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജരേഖ നിർമ്മാണത്തിൽ പങ്കുള്ള കൂടുതൽ പേരിലേക്കുള്ള അന്വഷണവും പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here