മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത; യോഗങ്ങളിൽ നിന്നും വിട്ടുനിന്ന് അശോക് ലവാസ

പെരുമാറ്റച്ചട്ട ലംഘനക്കേസുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷം. തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസ യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ ലവാസ പങ്കെടുക്കില്ല. കടുത്ത അതൃപ്തിയിലാണ് അദ്ദേഹമെന്നാണ് വിവരം. കമ്മീഷന് മുന്നിലെത്തുന്ന കേസുകളുടെ അന്തിമ ഉത്തരവിൽ വിയോജിപ്പ് രേഖപ്പെടുത്തുകയും ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ശേഷം മാത്രമേ യോഗങ്ങളിൽ പങ്കെടുക്കുകയുള്ളൂവെന്നാണ് ലവാസ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്.
നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് അന്തിമ ഉത്തരവിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്നാണ് മെയ് നാല് മുതൽ കമ്മീഷൻ യോഗങ്ങളിൽ നിന്ന് ലവാസെ വിട്ട് നിൽക്കാൻ തുടങ്ങിയത്. പെരുമാറ്റച്ചട്ടം ലംഘിച്ച കേസിൽ പ്രധാനമന്ത്രിക്ക് നോട്ടീസ് അയയ്ക്കണമെന്നായിരുന്നു ലവാസയുടെ വാദം. ഇത് മറ്റ് അംഗങ്ങൾ അംഗീകരിച്ചില്ല.
മെയ് മൂന്നിന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച എല്ലാ കേസുകളിലും അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കും ക്ലീൻചിറ്റ് നൽകാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആറ് പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ എത്തിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here