ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഒരു കോടി അറുപത് ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാന അവകാശം നിര്‍വ്വഹിക്കും

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ചയായ തെരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവിലാണ് ഓസ്‌ട്രേലിയ വിധിയെഴുതുന്നത്. തെരഞ്ഞെടുപ്പ് ഫലം ഇന്ന് രാത്രി വൈകിയോ ഞായറാഴ്ച്ച രാവിലെയോ പുറത്തു വരും.

ഒരു കോടി അറുപത് ലക്ഷം വോട്ടര്‍മാരാണ് ഇന്ന് വോട്ട് ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നിര്‍ബന്ധമായും വോട്ടവകാശം വിനിയോഗിക്കണമെന്നാണ് ഓസ്‌ട്രേലിയയിലെ നിയമം. അല്ലാത്തപക്ഷം വോട്ടര്‍മാരില്‍ നിന്നും പിഴയീടാക്കും.
40 ലക്ഷത്തോളം പേര്‍ നേരത്തേ വോട്ട് ചെയ്യാനുള്ള അവകാശം നേടി വ്യാഴാഴ്ച്ച വോട്ട് ചെയ്തിരുന്നു. പ്രാദേശിക സമയം 8 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം 6 മണിവരെ നീണ്ടു നില്‍ക്കും. സ്‌കോട്ട് മോറിസണ്‍ നേതൃത്വം കൊടുക്കുന്ന ലിബറല്‍ പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയയും പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്റെ ഓസ്‌ട്രേലിയന്‍ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് മുഖ്യ മത്സരം. എന്നാല്‍ ചെറുപാര്‍ട്ടികള്‍ ഇത്തവണ നിര്‍ണ്ണായകമാവുമെന്നാണ് വിലയിരുത്തല്‍. 150 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് 76 സീറ്റുകള്‍ വേണം. ഒരു പാര്‍ട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്ന് വിലയിരുത്തലുകളുണ്ട്. ഇതിനെ തുടര്‍ന്ന് ചെറു പാര്‍ട്ടികളെ സ്വാധീനിക്കാന്‍ ഇരു കൂട്ടരും ശ്രമം തുടങ്ങിയിട്ടുണ്ട്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More