വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് കുട്ടികള്‍ക്ക് പരിക്ക്

വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് കുട്ടികള്‍ക്ക് പരിക്കേറ്റു. മേലില മൈലാടുംപാറ പൊയ്കയില്‍ മേലേതില്‍ വീട്ടില്‍ അജയന്റെ മകള്‍ വിജയലക്ഷ്മി സഹോദരനായ വിജയന്റെ മകന്‍ ശ്രീരാമചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. അടുക്കളയില്‍ വെള്ളം കുടിക്കാനായി നിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും ഇടിഞ്ഞ് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ശ്രീരാമചന്ദ്രന്റെ തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്.വിജയലക്ഷ്മി നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.അജയന്റെ പിതാവ് രാമചന്ദ്രന്‍,ഭാര്യ തങ്കമ്മ,അജയന്റെ ഭാര്യ രജനി എന്നിവരാണ് വീട്ടിലുള്ളത്.
പത്തനംതിട്ടയില്‍ താമസിക്കുന്ന വിജയന്റെ മകന്‍ ശ്രീരാമചന്ദ്രന്‍ അവധിക്കാലം ആഘോഷിക്കാനാണ് മേലിലയിലെ വീട്ടില്‍ വന്നത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തില്‍ നിന്നും കുട്ടികള്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഈ നിര്‍ദ്ധന കുടുംബം പുതിയ വീടിനായി മേലില പഞ്ചായത്തിനെ സമീപിക്കുന്നുണ്ട്. എന്നാല്‍ നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള രാമചന്ദ്രന്റെ വീട് പുതുക്കി നിര്‍മ്മിക്കാന്‍ പോലും പഞ്ചായത്ത് ഫണ്ട് നല്‍കിയില്ല. ഇഷ്ടക്കാര്‍ക്ക് രണ്ടും മൂന്നും തവണ വീട് അനുവദിക്കുമ്പോഴാണ് നിര്‍ദ്ധന കുടുംബത്തോടുളള പഞ്ചായത്തിന്റെ ക്രൂരത. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബത്തോടുളള മേലില പഞ്ചായത്തിന്റെ അവഗണനക്കെതിരെ പ്രതിക്ഷേധവും ശക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here