കപിലിന്റെ ആ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കിൽ 1983 ലോകകപ്പ് തിരക്കഥ മറ്റൊന്നായേനെ

1983 – ഈ വർഷം കേട്ടാൽ തന്നെ അറിയാം ഒരു ജനതയുടെ ക്രിക്കറ്റ് ആരാധന ജനകീയമാക്കിയതും, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ക്രിക്കറ്റ് ഒരു ലഹരിയായി സിരകളിൽ കേറിയതുമായ മാറ്റങ്ങൾ നടന്ന ഐസിസിയുടെ മൂന്നാം തലക്കെട്ടിലുള്ള വേൾഡ് കപ്പ്. ഈ ലോകകപ്പ് കിരീട നേട്ടത്തിലേക് ഇന്ത്യയെ നയിച്ചത് കപിൽ ദേവ് എന്ന ഓൾ റൗണ്ടറുടെ ഈ മനോഹര ഇന്നിംഗ്സ് ആണെന്ന് ഓർത്തെടുക്കാൻ കഴിയും. ഏകദിന ക്രിക്കറ്റിലെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളില്‍ ഒന്നാണെന്ന് നിസ്സംശയം പറയാം. കപിൽ ഏകദിനത്തിൽ കുറിച്ച ഒരേയൊരു സെഞ്ചുറിയും ഇതായിരുന്നു.
എതിരാളികൾ – സിംബാബ്വെ
വേദി -ട്രെൻഡ് ബ്രിഡ്ജ് -ഇംഗ്ലണ്ട്
വർഷം -1983
ടോസ്സ് സ്വന്തമാക്കിയ കപിൽ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയി. സ്കോർ ബോർഡ് തുറക്കും മുൻപേ സണ്ണി ഡ്രസിങ് റൂമിൽ തിരിച്ചെത്തി. തുടർന്ന് പതിവ് പോലെ ഒറ്റ അക്കങ്ങളുമായി ബാക്കി മുൻ നിരക്കാരും കൂടാരം കേറി. ശ്രീകാന്ത്, അമർനാഥ്, സന്ദീപ് പട്ടേൽ, യശ്പാൽ ശർമ്മ അങ്ങനെ ഇന്ത്യ 17/ 5 എന്ന നിലയിലേക്കു കൂപ്പു കുത്തി.
ഇന്ത്യൻ ടോട്ടൽ 100 പോലും കടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കാരണം സിംബാവെയുടെ കെവിൻ കരനും, പീറ്റർ റോസും അത്ര റിഥമിക് ആയി എറിഞ്ഞിടുന്നുണ്ടായിരുന്നു .
ഒരു പ്രതീക്ഷയും ഇല്ലാതെ അടുത്തതായി കപിൽ ബാറ്റിങ്ങിനെത്തി . എന്തോ മാല പടക്കത്തിന് തിരി കൊളുത്തിയപോലെ ആ ബാറ്റിൽ നിന്നും റൺസ് ഒഴുകി. മുൻപേ തീരുമാനിച്ചു ഉറപ്പിച്ചതു പോലെ പ്രതിരോധത്തെക്കാൾ ആക്രമണം നല്ലത് ആണെന്ന് തിരിച്ചറിഞ്ഞു കാണും. കാര്യമായ പിന്തുണ കൊടുക്കാൻ ഇന്ത്യൻ നിരയിൽ കൂടെ ആരുമുണ്ടായില്ലെങ്കിലും കപിൽ ഒറ്റയ്ക്കു ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചു.
ലോക ക്രിക്കറ്റിലെ ക്ളാസിക് ഒറ്റയാൻ പോരാട്ടമായിരുന്നു. തന്നിലൊരു മാസ്സ് ബാറ്സ്മാൻ ഒളിച്ചു കിടപ്പുണ്ടെന്ന കാര്യം ലോകത്തെ വിളിച്ചറിയിക്കുന്ന പെർഫോമൻസ് ആയിരുന്നു ഈ ഫാസ്റ്റ് ബൗളറുടേത്. അതിൽ ഏറ്റവും രസകരം മറ്റുള്ള ബാറ്സ്മാന്മാരുടെ മേൽ ആധിപത്യം കാണിച്ച കരനും റോസനുമായിരുന്നു കപിലിൻറ്റെ ബാറ്റിംഗ് ചൂട് ശെരിക്കും അറിഞ്ഞത്.
60 ഓവർ പൂർത്തിയാക്കിയപ്പോൾ ഇന്ത്യൻ സ്കോർ 266/ 8.ഇതിൽ 175 റൺസും പിറന്നത് കപിലിൻറെ ബാറ്റിൽ നിന്നും ആണ്. 138 പന്തുകളിൽ നിന്നും 16 ബൗണ്ടറികളുടെയും ആറ് കൂറ്റൻ സികസറുകളുടെയും അകമ്പടിയോടു കൂടിയാണ് ഈ പ്രകടനം എന്നത് കൂടുതൽ മാറ്റുരക്കുന്നു. ബൗളിങ്ങിലും മുന്നിൽ നിന്ന് നയിച്ചത് കപിൽ തന്നെ, 11 ഓവർ എറിഞ്ഞു 32 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യക്കു 31 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം. ഈ ജയത്തിന്റെ ബലത്തിലായിരുന്നു ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശനം.
കപില്‍ദേവിന്റെ ഈ ഒറ്റയാൻ പ്രകടനം ഇല്ലായിരുന്നെങ്കിൽ 1983 വേൾഡ് കപ്പിന്റെ തിരക്കഥ വേറെ ആയേനെ. അടുത്തൊരു ഉലക പോര് അടുത്തെത്തിയപ്പോൾ ഇൻഡ്യാക്കാർക്ക് അഭിമാനമായി ഓർമകളിൽ ഇന്നും ആഹ്ഹ മനോഹര ഇന്നിംഗ്സ് നിറഞ്ഞു നിൽക്കുന്നു.
(അബ്ദുൽ മജീദ് എഴുതിയ കുറിപ്പ്)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here