Advertisement

‘നടക്കുന്നത് മോദി എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന ആസൂത്രിതമായ പദ്ധതി, അടുത്ത ഘട്ടം അമിത് ഷായുടേതോ?’

May 18, 2019
Google News 1 minute Read

ഭരണത്തിലേറി അഞ്ചു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാർത്താസമ്മേളനം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. മോദി ചുരുങ്ങിയ വാക്കുകളിൽ സംവാദം ഒതുക്കിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായായിരുന്നു. ഇതാണ് വിമർശനങ്ങൾക്കിടയാക്കിയത്. ഇതിനെ പരിഹസിച്ചും അമിത് ഷായുടേതാണോ അടുത്ത ഘട്ടമെന്ന ചോദ്യം ചോദിച്ചും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. മോദി എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന ആസൂത്രിതമായ പദ്ധതിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സനൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘നടക്കുന്നത് മോദി എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന ആസൂത്രിതമായ പദ്ധതി, അടുത്ത ഘട്ടം അമിത് ഷായുടേതോ?’

‘മോദി’ എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്.. അല്ലെങ്കിൽ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാൻ അമിത്ഷാക്ക് കഴിയില്ലായിരുന്നു. വിജയകരമാവുന്ന റോക്കറ്റു വിക്ഷേപണത്തിൽ ഓരോ ഘട്ടം കഴിയുമ്പോഴും റോക്കറ്റിന്റെ ഓരോ ഭാഗം കത്തിത്തീർന്ന് അടർന്ന് വീണുകൊണ്ടിരിക്കും. അധ്വാനി, വാജ്‌പേയി, മോഡി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ? അറിയില്ല .. എന്തായാലും ഏകശിലാരൂപിയായ ഹിന്ദുരാഷ്ട്രം എന്ന ഗുരുതരമായ അപകടാവസ്ഥയിലേക്ക് ആ റോക്കറ്റ് രാജ്യത്തെ അടുപ്പിച്ചുകൊണ്ടിരിക്കുന്നു..

Read more: ചുരുങ്ങിയ വാക്കുകളിൽ മാത്രം സംവാദം ഒതുക്കി മോദി; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത് അമിത് ഷാ

ഇന്നലെ വൈകീട്ടാണ് അമിത് ഷായ്‌ക്കൊപ്പം മോദി മാധ്യമങ്ങളെ കണ്ടത്. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണപ്പറഞ്ഞ് അമിത് ഷാ സംവദിച്ചതിന് ശേഷമാണ് മോദി സംസാരിച്ചു തുടങ്ങിയത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പറഞ്ഞ മോദി ജനങ്ങളുടെ സ്‌നേഹത്തിന് നന്ദി പറയുകയും ചെയ്തു. പുതിയ ഭരണരീതിയാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന് മോദി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് ഇപ്പോൾ നിലവിലുള്ളത്. ആ വികസനം ജനങ്ങൾക്ക് മനസ്സിലാകും. അതിനനുസരിച്ച് അവർ വോട്ട് ചെയ്യും. അഞ്ച് വർഷത്തിനിടെ തന്റെ ഒരു പരിപാടി പോലും റദ്ദായിട്ടില്ല. പരമാവധി അച്ചടക്കത്തോടെ ഭരണം മുന്നോട്ടുപോയെന്നും മോദി പറഞ്ഞു. ഇതിന് പിന്നാലെ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകർ തയ്യാറായപ്പോൾ അതിന് മറുപടി അമിത് ഷാ നൽകുമെന്ന് വാർത്താസമ്മേളനം നിയന്ത്രിച്ച ബിജെപി വക്താവ് വ്യക്തമാക്കുകയായിരുന്നു.

തുടർന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അമിത് ഷാ മറുപടി പറയാൻ തുടങ്ങി. അതിനിടെ മോദിയോട് തനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞ് മാധ്യമപ്രവർത്തക എഴുന്നേറ്റു. പ്രജ്ഞ സിംഗ് താക്കൂറിന്റെ വിവാദ പരാമർശം സംബന്ധിച്ചായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. പ്രജ്ഞ സിംഗിനെ പാർട്ടിയിൽ തുടരാൻ അനുവദിക്കുകയാണോ അതോ പുറത്തേക്കുള്ള വഴി കാട്ടുകയാണോ പാർട്ടിയുടെ തീരുമാനം എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദിച്ചത്. എന്നാൽ അമിത് ഷാ അതിൽ ഇടപെട്ട് മറുപടി പറയുന്ന സാഹചര്യമുണ്ടായി. അതിന് പിന്നാലെ റഫാൽ സംബന്ധിച്ച ചോദ്യം മറ്റൊരു മാധ്യമപ്രവർത്തക ഉന്നയിച്ചു. അതിനുള്ള മറുപടി, ഇനി പ്രധാനമന്ത്രിയോട് ചോദ്യം പാടില്ലെന്ന താക്കീതോടെയാണ് അമിത് ഷാ നൽകിയത്. ചോദ്യത്തിന് മറുപടി നൽകുകയും ചെയ്തു. റഫാൽ സംബന്ധിച്ച് എന്തെങ്കിലും തെളിവുകൾ കോൺഗ്രസ് അധ്യക്ഷന്റെ കൈവശം ഉണ്ടെങ്കിൽ അദ്ദേഹം അത് ബോധിപ്പിക്കേണ്ടത് സുപ്രീംകോടതിയിലാണെന്നും അല്ലാതെ ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുകയല്ല വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. പിന്നീട് വാർത്താസമ്മേളനം നിയന്ത്രിച്ചത് അമിത് ഷായായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here