പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. പാലം രൂപകൽപന ചെയ്ത ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രതിനിധികളെ വിജിലൻസ് സംഘം നാളെ ചോദ്യം ചെയ്യും.
അതേസമയം എക്‌സ്പാൻഷൻ ജോയിന്റുകളിലെ സ്റ്റീൽ ഫാബ്രിക്കേഷൻ ജോലികളും റീ ടാറിങും പൂർത്തിയായാൽ പാലം താൽക്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുക്കും.
പാലാരിവട്ടം മേൽപ്പാലത്തിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്ന് മാസം സമയം വേണമെന്നായിരുന്നു ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ നിലവിലെ ഗതാഗത കുരുക്കും സ്‌കൂൾ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് കൂടി പരിഗണിച്ച് അറ്റ കുറ്റ പണികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. എക്‌സ്പാൻഷൻ ജോയിന്റുകളിലെ സ്റ്റീൽ ഫാബ്രിക്കേഷൻ ജോലികളും റീടാറിങും പൂർത്തിയായാൽ പാലം താൽക്കാലികമായി ഗതാഗതത്തിന്നായി തുറന്ന് കൊടുക്കാനാണ് തീരുമാനം. മറ്റ് ജോലികൾ മഴക്കാലത്തിന് ശേഷം പുനരാരംഭിക്കും. പാലം പൂർണമായി അടച്ചിടാതെ തുടർ ജോലികൾ നിർവഹിക്കാനാകുമെന്നാണ് വിദഗ്ധസംഘം നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, മേൽപ്പാല നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണവും അവസാനഘട്ടത്തിലാണ്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ ഉദ്യോഗസ്ഥരുടെയും മുൻ എംഡി മുഹമ്മദ് ഹനീഷിന്റെയും മൊഴി രേഖപെടുത്തി. കിറ്റ്‌കോയുടെ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. പാലം രൂപകൽപന ചെയ്ത ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പ്രതിനിധികളോട് നാളെ വിജിലൻസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ സംഘം പാലത്തിൽ നിന്നും ശേഖരിച്ച് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം കൂടിലഭ്യമായാൽ ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്ന് അന്വേഷണഉദ്യോഗസ്ഥർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here