‘ബറോസ്’ ടീമിനൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ

തൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ടീമിനൊപ്പം തൻ്റെ അമ്പത്തിയൊൻപതാം പിറന്നാൾ ആഘോഷിച്ച് നടൻ മോഹൻലാൽ. ബറോസ് സാങ്കേതിക പ്രവർത്തകരോടൊപ്പമായിരുന്നു മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷം.
സിനിമയുടെ ലൊക്കേഷൻ തേടിയുള്ള യാത്രക്കൊരുങ്ങുന്ന ‘ബറോസ്’ സംഘം ഗോവയിലെ ലൊക്കേഷനുകൾ മാർക്ക് ചെയ്ത് കഴിഞ്ഞു. വിദേശ സാങ്കേതിക വിദഗ്ധരടക്കം അണി നിരക്കുന്ന സിനിമയിൽ കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ.
ഉയർന്ന മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രം ബറോസായി എത്തുക മോഹൻലാൽ തന്നെ ആയിരിക്കും. സിനിമയുടെ പ്രധാന നിർമ്മാതാവായി ആൻ്റണി പെരുമ്പാവൂരും ബറോസിനൊപ്പമുണ്ടാകും.
ബോളിവുഡ് അഭിനേതാക്കളടക്കം സമ്പന്നമായ താരനിരയാവും ചിത്രത്തിലുണ്ടാവുക. പോർച്ചുഗൽ പോലുള്ള വിദേശ രാജ്യങ്ങളടക്കം നിരവധി ലൊക്കേഷനുകളും ചിത്രത്തിനുണ്ടാവും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. വാസ്കോഡഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിൻ്റെ കഥ പോർച്ചുഗീസ് പശ്ചാത്തലത്തിലാവും.
ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ജിജോ പുന്നൂസ് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണു ബറോസ് ജനിച്ചത്. തിരക്കഥ ജിജോ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here