അഭിനയവും ജീവിതാനുഭവങ്ങളും നിറഞ്ഞ ‘മുഖരാഗം’; മോഹൻലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു

അഭിനയവും ജീവിതാനുഭവങ്ങളും നിറഞ്ഞ ‘മുഖരാഗം’; മോഹൻലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു
നടൻ മോഹൻലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന ലാലിന്റെ അഭിനയവും അനുഭവങ്ങളും നിറഞ്ഞ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തുന്നത് ഭാനുപ്രകാശ് എന്ന എഴുത്തുകാരനാണ്. പിറന്നാൾ ദിനത്തിൽ മോഹൻലാൽ തന്നെയാണ് ജീവചരിത്രം ഒരുങ്ങുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മുഖരാഗം എന്നാണ് ജീവചരിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഏറെ വർഷമായി തനിക്കൊപ്പം സഞ്ചരിച്ചാണ് ഭാനുപ്രകാശ് തന്റെ ജീവിതം പകർത്തിയിരിക്കുന്നതെന്ന് ലാൽ ഫേസ്ബുക്കിൽ കുറിച്ചു. 2020 ഓടെ പുസ്തകം വായനക്കാരിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ലാൽ പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
‘മുഖരാഗം’ എന്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here