ശബരിമല ഭൂമി തർക്കം; ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച സംയുക്ത സർവ്വേ ജൂലൈയിൽ പൂർത്തിയാകും

ശബരിമലയിൽ ദേവസ്വം ബോർഡും വനം വകുപ്പും തമ്മിൽ ഭൂമി സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച സംയുക്ത സർവ്വേ ജൂലൈയിൽ പൂർത്തിയാകും. നിലയ്ക്കലിലെ അളവെടുപ്പ് മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. കോടതിയുടെ അനുമതി കിട്ടിയാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും
പമ്പയിലെ കെഎസ്ആർടിസി സ്റ്റാൻഡ്,പമ്പ ഹിൽടോപ്പ്, നീലിമല പാത, സ്വാമി അയ്യപ്പൻ റോഡ്, സന്നിധാനം എന്നിവിടങ്ങളിലെ അളവെടുപ്പ് ഇതിനോടകം പൂർത്തിയായി. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് ഭാഗമാണ് അളന്നുകൊണ്ടിരിക്കുന്നത്. ഇത് കൂടി പൂർത്തിയായാൽ സ്ഥലങ്ങളുടെ സ്‌കെച്ചും പ്ലാനും അഭിഭാഷക കമ്മീഷന്റെ റിപ്പോർട്ട് സഹിതം ജൂലൈ ആദ്യവാരം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പത്തനംതിട്ട സർവ്വേ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ 13 ജീവനക്കാരെയാണ് സർവേക്കായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനത്തേക്കുള്ള റോപ് വേയുടെ അളവ് എടുപ്പും പൂർത്തിയായിട്ടുണ്ട്.
പമ്പ ഹിൽ ടോപ്പിൽ ആരംഭിക്കുന്നതും സന്നിധാനം പോലീസ് ബാരക്കിന് സമീപത്തായി എത്തി നിൽക്കുന്ന തരത്തിലുമാണ് റോപ്പ് വേയ്ക്കായി അളവെടുപ്പ് നടത്തിയത്. സാധാരണ പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള ദൂരത്തോക്കാൾ കുറവാണ് റോപ്പ് വേ വഴിയുള്ളദൂരം. റോപ്പ് വേ കടന്നു പോകുന്നത് വനത്തിലൂടെയായതിനാൽ പൂർണ്ണമായും മുറിക്കേണ്ട മരങ്ങൾ, ശിഖരങ്ങൾ മാത്രം മുറിക്കേണ്ടത് എന്നിങ്ങനെ തരംതിരിച്ച് കണക്കെടുപ്പ് വനം വകുപ്പ് നടത്തിയിട്ടുണ്ട്. അതിനു ശേഷം കോടതി അനുമതി കിട്ടുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here