‘തൊണ്ടിമുതലി’ലെ എസ്ഐ തിരക്കഥ; രാജീവ് രവി സംവിധാനം; നായകൻ ആസിഫ് അലി: ത്രില്ലർ സിനിമ ഒരുങ്ങുന്നു

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിൽ എസ് ഐ സാജൻ മാത്യുവിനെ അവതരിപ്പിച്ച സി ഐ സിബി തോമസ് തിരക്കഥാകൃത്താവുന്നു. രാജീവ് രവിയാണ് സിനിമ സംവിധാനം ചെയ്യുക. നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തുറമുഖം’ എന്ന ചിത്രത്തിനു ശേഷമാകും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ.
കാസർഗോഡ് നടന്ന ഒരു ജ്വല്ലറിക്കവർച്ചയും അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. സിബി തോമസ് തന്നെ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തിരക്കഥ തയ്യാറാക്കുന്നത്. ജ്വല്ലറിക്കവർച്ചയിൽ അന്വേഷണം തുടങ്ങുമ്പോഴും ഒന്നും കിട്ടിയിരുന്നില്ലെന്നും പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംശയാസ്പദമായ രീതിയിൽ കണ്ട ഒരു വാഹനത്തെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിനൊപ്പം എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായിരുന്നു അരുണ്‍കുമാര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here