ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആദ്യമെണ്ണുക തപാൽ വോട്ടുകൾ. അക്രമ സംഭവങ്ങൾ തടയുന്നതിന് പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തി. നിരവധി മണ്ഡലങ്ങളിൽ അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഓരോ കൺട്രോൾ യൂണിറ്റിലെയും സീലുകൾ പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പ് വരുത്തിയിട്ടായിരിക്കും വോട്ടെണ്ണൽ തുടങ്ങുക.
സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. വോട്ടെണ്ണലിന് വേണ്ട നടപടിക്രമങ്ങളെല്ലാം ജില്ലാ ഭരണകൂടങ്ങൾ പൂർത്തിയാക്കി. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് വോട്ടെണ്ണൽ. തപാൽ വോട്ടുകളാണ് ആദ്യമെണ്ണുക. പരമാവധി 14 കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
നാല് ടേബിളുകളിൽ തപാൽ വോട്ടുകൾ എണ്ണും. നാളെ രാവിലെ എട്ടു മണി വരെ ലഭിക്കുന്ന തപാൽ വോട്ടുകളാണ് എണ്ണുക. തുടർന്ന് ഇ ടി ബി എസ് വഴി ലഭിച്ച സർവീസ് വോട്ടുകളുടെ സ്കാനിങ് ആരംഭിക്കും.
വോട്ടിങ്ങ് യന്ത്രങ്ങൾ നാല് മണിക്കൂർ കൊണ്ട് എണ്ണി തീരും. ഒരു റൗണ്ടിലെ എല്ലാ വോട്ടിങ്ങ് യന്ത്രങ്ങളും എണ്ണി ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ യന്ത്രങ്ങൾ എണ്ണു. രാവിലെ പത്ത് മണിയോടെ ട്രെൻഡുകൾ വ്യക്തമാകും.
വോട്ടിങ്ങ് യന്ത്രങ്ങൾ എണ്ണിയതിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളിലെ വീതം വിവി പാറ്റുകൾ എണ്ണും. ഏതെല്ലാം ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണണമെന്നത് നറുക്കിട്ടു തീരുമാനിക്കും. വിവിപാറ്റുകള്‍ കൂടി എണ്ണുന്നതിനാല്‍ അന്തിമഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ 9 മണിക്കൂര്‍ വരെ സമയം എടുക്കും. തർക്കമുണ്ടെങ്കിൽ വിവിപാറ്റും ഇവിഎമ്മും വീണ്ടും എണ്ണും.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ തസ്തികളിലായി 22,640 പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കും. തിരുവനന്തപുരം, കണ്ണൂർ, വടകര, കാസർഗോഡ് മണ്ഡലങ്ങളടക്കം നിരവധി മണ്ഡലങ്ങളിൽ അക്രമത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here