നീണ്ട പത്ത് വര്‍ഷത്തെ ഇടവേള: തിരിച്ചുവരവിന് ഒരുങ്ങി ടി20 ചാമ്പ്യന്‍സ് ലീഗ്

പലവിധ പ്രതിസന്ധികളാല്‍ അനിശ്ചിതമായി നിര്‍ത്തിവെക്കേണ്ടി വന്ന ടി20 ചാമ്പ്യന്‍സ് ലീഗ് തിരിച്ചുവരവിന്റെ പാതയില്‍. ഐസിസി വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സിംഗപ്പൂരില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അംഗങ്ങളും, വിവിധ രാജ്യങ്ങളിലെ ആഭ്യന്തര ട്വന്റി20 ലീഗുകളുടെ ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടുന്ന സംഘങ്ങളും, ടൂര്‍ണമെന്റ് തിരുത്തിച്ചുകൊണ്ടുവരാനുള്ള തീരുമാനമെടുത്തു. എല്ലാം പദ്ധതി പ്രകാരം നടന്നാല്‍, അടുത്ത വര്‍ഷം ആദ്യം തന്നെ ലീഗ് പുനരാരംഭിക്കാനാണ് നീക്കം. ‘വേള്‍ഡ് ക്ലബ് ചാംപ്യന്‍ഷിപ്’ എന്ന പേരിലാണ് ലീഗ് പുനരാരംഭിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2014ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലോടെ അവസാനിച്ചതായിരുന്നു ലീഗ്. ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കൊല്‍ക്കത്തയും, മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റിന്‍സിയില്‍ ഇറങ്ങിയ ചെന്നൈയും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ മുട്ടുകുത്തിച്ചുകൊണ്ടായിരുന്നു ചെന്നൈ കിരീടം നേടിയത്. അന്ന് സുരേഷ് റെയ്നയുടെ സെഞ്ച്വറിയും ചെന്നൈക്ക് കരുത്തായി.
ലീഗിന്റെ തിരിച്ചുവരവിനെപ്പറ്റി സംസാരിക്കുമ്പോഴും, ICC യെ സംബന്ധിച്ചിടത്തോളം അത് അത്ര എളുപ്പമല്ല. സാഹചര്യങ്ങള്‍ മാറി. ടീമുകളിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ അടക്കം വ്യക്തമായ നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. വിവിധ ലീഗുകളുടെ ഭാഗമായിട്ടുള്ള താരങ്ങള്‍ ഏറെയാണ്. ഇന്ത്യന്‍ ലീഗായ ഐപിഎല്‍ കളിക്കുന്ന വിദേശ താരങ്ങള്‍ അന്താരാഷ്ട്ര ലീഗുകളും കളിക്കുന്നവരാണ്. അപ്പോള്‍, ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏതു ടീമിനുവേണ്ടി താരങ്ങള്‍ മത്സരിക്കും എന്നത് ആശയക്കുഴപ്പം ഉണ്ടാക്കും. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും അടുത്ത വര്‍ഷം മികച്ച രീതിയില്‍ ലീഗിനെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
Story Highlights : T20 Champions League set for return
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here