പൊലീസ് കസ്റ്റഡിയിലെടുത്ത നവാസിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ശരീരത്തിൽ ചതവുകളും പോറലുകളും

കോട്ടയം മണർകാട് പൊലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലിരുന്ന നവാസിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്ത് പലഭാഗത്തും ചതവുകളും പോറലുകളും ഏറ്റിരുന്നു. ക്ഷതങ്ങൾ പിടിവലിയിൽ സംഭവിച്ചതാകാമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

നവാസിന്റേത് തൂങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിൽ പുറത്തു വന്നത്. ഇടുപ്പിലും മുതുകിലും ചതവുകൾ ഏറ്റിരുന്നു. പലയിടത്തും പോറലുകളും കണ്ടെത്തി. ശരീരത്തിലെ ക്ഷതങ്ങൾ പിടിവലിയിൽ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. നവാസിനെ കസ്റ്റഡിയിലെടുക്കും മുമ്പ് വീട്ടിൽ നാട്ടുകാരുമായി സംഘർഷം നടന്നതായി ഇന്നലെ എസ് പി ഹരിശങ്കർ വ്യക്തമാക്കിയിരുന്നു. മദ്യപിച്ചെത്തിയ നവാസ് ഭാര്യയെയും അമ്മയെയും മർദ്ദിച്ചതായി ബന്ധു ജഗദമ്മയും പ്രതികരിച്ചു.

മെഡിക്കൽ ബോർഡ് തയ്യാറാക്കുന്ന അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്ഷതങ്ങളെ സംബന്ധിച്ച് വ്യക്തതയുണ്ടാകും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംഭവത്തിൽ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നവാസിനെ ശ്രദ്ധിക്കുന്നതിൽ പൊലീസുകാർക്ക് വീഴ്ചപറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഎസ്‌ഐ പ്രസാദ്, സിവിൽ പൊലീസ് ഓഫീസർ സെബാസ്റ്റ്യൻ വർഗ്ഗീസ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More