മണർകാട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്ന യുവാവ് തൂങ്ങി മരിച്ച സംഭവം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

കോട്ടയം മണർകാട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്ന യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. എ.എസ്‌.ഐ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ സെബാസ്റ്റ്യൻ വർഗ്ഗീസ് എന്നിവർക്കെതിരെയാണ് നടപടി. നവാസിനെ ശ്രദ്ധിക്കുന്നതിൽ ഇവർക്ക് വീഴ്ച്ച പറ്റിയെന്ന ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മരിച്ച നവാസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന നവാസിനെ രാവിലെ തിരക്കിനിടയിൽ പോലീസ് അവഗണിക്കുന്നതിന് തെളിവായ സി.സിടിവി ദൃശ്യങ്ങൾ 24 പുറത്തുവിട്ടിരുന്നു. ശുചിമുറിയിൽ കയറിയ നവാസിനെ പോലീസ് ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് തിരഞ്ഞത്. ഒൻപത് പതിമൂന്നിന് ശുചിമുറിയിലേക്ക് കയറിയ നവാസിനെ പത്ത് അൻപത്തിയേഴിനാണ് പുറത്തെത്തിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ.എസ്‌.ഐ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ സെബാസ്റ്റ്യൻ വർഗ്ഗീസ് എന്നിവർക്ക് ശ്രദ്ധക്കുറവുണ്ടായെന്ന റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈഎസ്പി, എസ്പിക്ക് സമർപ്പിച്ചത്.

Read Also : കോട്ടയത്ത് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നയാൾ തൂങ്ങി മരിച്ചു

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എസ്.പി ഹരിശങ്കറിന്റെ നടപടി. നവാസിന്റെ മരണത്തിൽ ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. നവാസിന്റെ ഇൻക്വിസ്റ്റ് നടപടികൾ ഇന്നലെ സബ് കളക്ടർ ഈഷ പ്രിയയുടെ നേതൃത്വത്തിൽ പൂർത്തിയായിരുന്നു. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ശരീരത്തിൽ പരിക്കുകൾ ഉണ്ടോയെന്ന കാര്യത്തിൽ ഇതിനു ശേഷമെ വ്യക്തതയുണ്ടാകൂ.

Top