കാസർഗോഡ് രണ്ടിടങ്ങളിൽ നിരോധനാജ്ഞ
വോട്ടെണ്ണൽ ദിനത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കാസർഗോഡ് രണ്ടിടങ്ങളിൽ നിരോധനാജ്ഞ. പെരിയ, കല്യോട്ട് ടൗണുകളുടെ 500 മീറ്റർ ചുറ്റളവിലാണ് കളക്ടർ ഡോ. സജിത് ബാബു 144 പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വെള്ളിയാഴ്ച രാത്രി എട്ടുവരെയാണ് നിരോധനാജ്ഞയെന്ന് കളക്ടർ അറിയിച്ചു.
സംസ്ഥാന ഇന്റലിജൻസ് വിഭാഗം ഒരാഴ്ചമുമ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ സൂചനകൾ നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ പൊലീസിന്റെ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.
വോട്ടെണ്ണലിന് 22,640 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇത്. 111 ഡിവൈഎസ്പിമാർ, 395 ഇൻസ്‌പെക്ടർമാർ, 2632 എസ്‌ഐ., എഎസ്‌ഐമാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി, വോട്ടെണ്ണൽ നടക്കുന്ന മിക്ക ഇടങ്ങളിലും സ്‌ട്രോങ് റൂമുകൾ തുറന്നു. കൊല്ലം, വയനാട് മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകൾ തുറന്നതായുള്ള വിവരമാണ് ലഭിച്ചിരിക്കുന്നത്. എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.
ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകളായിരിക്കും. സർവീസ് വോട്ടർമാരുടെ എണ്ണം 18 ലക്ഷം വരും. വിദേശങ്ങളിലെ എംബസികളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ മുതൽ, സൈനികർ, കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരാണിത്. അതിന് ശേഷമായിരിക്കും ഇവിഎം എണ്ണുക. ഏറ്റവും ഒടുവിലായാരിക്കും വിവിപാറ്റ് എണ്ണുക. ആദ്യം വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യം പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വച്ചെങ്കിലും തള്ളിയിരുന്നു. ഔദ്യോഗിത ഫലപ്രഖ്യാപനം വൈകീട്ട് ഏഴ് മണിയോടെ ഉണ്ടാകുമെന്നാണ് വിവരം. ഏകദേശ ഫലസൂചനകൾ എട്ടേകാലോടെ ഉണ്ടാകുമെന്നും കരുതുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here