കർഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും വിശ്വാസത്തിലെടുത്ത് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാർഗങ്ങളില്ലെന്ന് വി.എസ്

കോർപ്പറേറ്റ് വികസന മാതൃകകളെ പുറത്തു നിർത്തി കർഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും വിശ്വാസത്തിലെടുത്ത് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാർഗങ്ങളില്ലെന്ന് വി.എസ് അച്യുതാനന്ദൻ. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിരാശരാവേണ്ട കാര്യമില്ല. ഒരു ജനവിധിയും ശാശ്വതമല്ല. കേരള ജനത ബിജെപിയെ തുരത്തുന്നതിൽ വിജയിച്ചു എന്നത് ആശ്വാസകരമാണെന്നും വി.എസ് അച്യുതാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണ്. കള്ളനെ കാവലേൽപ്പിക്കുക എന്നൊക്കെ പറയുന്നതുപോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്.
മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തിൽ, പ്രതിപക്ഷ പാർട്ടികൾക്കിടയിൽ നിലനിന്ന യോജിപ്പില്ലായ്മയും ഉൾപ്പോരുമെല്ലാം ഈ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചു എന്ന് സാമാന്യമായി അനുമാനിക്കാം.
കേരള ജനത ബിജെപിയെ തുരത്തുന്നതിൽ വിജയിച്ചു എന്നത് ആശ്വാസകരമാണ്. അതോടൊപ്പം, ഇടതുപക്ഷത്തിൻറെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തിൽ പുനർ വിചിന്തനം നടത്തേണ്ടതുണ്ട്. പറ്റിയ തെറ്റുകൾ പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞുകഴിഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിരാശരാവേണ്ട കാര്യമില്ല. ഒരു ജനവിധിയും ശാശ്വതമല്ല. ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളെ പുറത്തുനിർത്താതെ, കോർപ്പറേറ്റ് വികസന മാതൃകകളെ പുറത്തുനിർത്തി, കർഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാർഗങ്ങളില്ല. അതാണ് ഇടതുപക്ഷ രാഷ്ട്രീയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here