Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം; കോൺഗ്രസ് പ്രവർത്തക സമിതി നിർണ്ണായകമാകും

May 24, 2019
Google News 0 minutes Read

ലോകസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ദിവസം ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം നിർണ്ണായകമാകും. അധ്യക്ഷൻ രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചതോടെ ഇക്കാര്യവും ചർച്ചക്ക് വരും. അതിനിടെ, കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭരിക്കുന്ന കർണാടക, മധ്യപ്രദേശ് സർക്കാരുകളുടെ ഭാവിയും ആശങ്കയുടെ നിഴലിലാണ്.

ലോകസഭ തെരഞ്ഞെടുപ്പിൽ 2014നേത് സമാനമായ തോൽവി ഏറ്റുവാങ്ങി എന്നത് മാത്രമല്ല മൂന്ന് പതിറ്റാണ്ടായി കോൺഗ്രസിന്റെ കൈവശമിരുന്ന ഉത്തർപ്രദേശിലെ അമേഠിയിൽ രാഹുൽ പരാജയപെട്ടതും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ ഉതകുന്ന കാര്യമാണ്. സോണിയ ഗാന്ധിയോട് രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രവർത്തക സമിതി യോഗത്തിൽ ചർച്ച ചെയ്യാമെന്നാണ് തീരുമാനം. അതുകൊണ്ട് അടുത്ത ആഴ്ച നടക്കുന്ന യോഗം നിർണ്ണായകമാകും.

മധ്യപ്രദേശിലും കർണാടകയിലും ബിജെപി സംസ്ഥാന നേതാക്കൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. കോൺഗ്രസാകട്ടെ ഗ്രൂപ്പ് വഴക്കിലും സഖ്യ കക്ഷികളുമായി തുറന്ന പോരിലുമാണ്. ഇത് മുതലെടുത്ത് രണ്ട് സംസ്ഥാനങ്ങളിലും അധികാരം പിടക്കാനാണ് ബിജെപിയുടെ ശ്രമം. കർണാടകയിൽ ജെഡിഎസുമായുള്ള അഭിപ്രായ വ്യത്യാസവും എംഎൽഎമ്മാർ ബിജെപിയിലേക്ക് പോകാനുള്ള സാധ്യതയുമാണ് പ്രശ്‌നം. മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാനുള്ള ശ്രമവും നടക്കുന്നു. അവസരോചിതമായി കോൺഗ്രസ് പ്രവർത്തിച്ചില്ലെങ്കിൽ സംസ്ഥാങ്ങളിലെ ഭരണം പോയേക്കും. പൊതു തെരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതോടെ കാര്യക്ഷമതയോടെ പ്രവർത്തിക്കാവുന്ന അവസ്ഥയിലല്ല കോൺഗ്രസ് നേതൃത്വം. തോൽവിയുടെ ആഘാതം കനത്തതാണ്.

മധ്യപ്രദേശിൽ സ്വന്തം തട്ടകമായ ഗുണയിൽ ജ്യോതിരാദിത്യ സിന്ധ്യക്ക് കാലിടറി. മുഖ്യമന്ത്രി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ഭോപ്പാലിൽ പരാജയപ്പെട്ട മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് എന്നിവരുടെ തമ്മിലടി ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് സീറ്റുകളും നഷ്ടപ്പെട്ട രാജസ്ഥാനിലും മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ ശീത സമരം കാരണമായി. മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞെങ്കിലും പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്തർ സിംഗും മന്ത്രി സഭാംഗമായ നവജ്യോത് സിംഗും തമ്മിലുള്ള അഭിപ്രായ വ്യത്യസം മറനീക്കി പുറത്ത് വന്നിട്ടുണ്ട്. സംസ്ഥാന നേതാക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിച്ചു പാർട്ടിയെ മുന്നോട്ടു കൊണ്ട് പോകാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന വിമർശമാണ് ഉയരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here