പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നു; പുതിയ സൈനിക സംഘത്തെ ഉടന്‍ മേഖലയിലേക്ക് അയക്കുമെന്ന് ട്രംപ്

ഇറാനുമായുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനെരുങ്ങുന്നു. പുതിയ സൈനിക സംഘത്തെ ഉടന്‍ മേഖലയിലേക്ക് അയക്കുമെന്ന് ഡോണാള്‍ഡ് ട്രംപ്. അതേസമയം യുഎഇയില്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഇറാനാണെന്നും അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനുമായുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം. ആയിരത്തി അഞ്ഞൂറ് അംഗങ്ങള്‍ അടങ്ങിയ സംഘത്തെ കൂടി മേഖലയിലേക്ക് അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. മിഡില്‍ ഈസ്റ്റിന്റെ സുരക്ഷയാണ് അമേരിക്കയ്ക്ക് പ്രധാനം. വിദഗ്ദരടങ്ങിയ ചെറിയ സംഘത്തെ മാത്രമാണ് ഇപ്പോള്‍ അയക്കുന്നതെന്ന് ഇന്നലെ ജപ്പാനിലേക്ക് പുറപ്പെടുന്നതിനു മുമ്പായി ട്രംപ് പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയക്കാനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ സൈനിക സാന്നിധ്യത്തിന് നേരത്തെ പല ഗള്‍ഫ് രാജ്യങ്ങളും അനുമതി നല്‍കിയിരുന്നു.
അതേസമയം യുഎഇ കടല്‍ തീരത്ത് സൗദി എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെ നാല് കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഇറാന്‍ ആണെന്ന് പെന്റഗണ്‍ കുറ്റപ്പെടുത്തി. യുദ്ധം ഒഴിവാക്കാന്‍ ആവശ്യമായതെല്ലാം സൗദി ചെയ്യുമെന്ന് കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞിരുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം മുപ്പത്, മുപ്പത്തിയൊന്നു തീയ്യതികളില്‍ മക്കയില്‍ വെച്ച് അറബ് ഉച്ചകോടിയും, ഇസ്ലാമിക ഉച്ചകോടിയും, ജി.സി.സി ഉച്ചകോടിയും നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here